സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് എം.ബി. രാജേഷ്
Tuesday, September 30, 2025 2:00 AM IST
തിരുവനന്തപുരം: മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതി വരുന്നതോടെ രാജ്യത്ത് സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നു മന്ത്രി എം. ബി. രാജേഷ്.
കേരള മുൻസിപ്പാലിറ്റി ഭേദഗതി ബിൽ, കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അധികാരവികേന്ദ്രീകരണത്തിൽ കേരളം രാജ്യത്തിന് വഴികാട്ടിയാണ് 2011 -15ൽ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച ശരാശരി പദ്ധതി അടങ്കൽ വിഹിതം 24.11ശതമാനം ആണ്. 2021- 25 കാലയളവിൽ ഇത് 27.26 ശതമാനം ആയി ഉയർന്നു.
സംസ്ഥാനത്ത് ഏറെ സാന്പത്തിക ഞെരുക്കം ഉണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ സർക്കാർ ക്രമാനുഗതമായ വർധന നടപ്പാക്കി. പെർഫോമൻസ് ഓഡിറ്റ് നിർത്തലാക്കുക 2021 ലെ സംസ്ഥാന ബജറ്റിൽ ഉള്ളതാണ്.
നയപരമായ തീരുമാനമാണ് ഇത്. തദ്ദേശ സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിന് ഇന്റേണൽ വിജിലൻസ്, ട്രിബൂണൽ, ഓംബുഡ്സ്മാൻ എന്നിങ്ങനെ ജുഡീഷൽ സംവിധാനങ്ങളും ഭരണസംവിധാനങ്ങളും നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ചർച്ചകൾക്കുശേഷം ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ചർച്ചയിൽ പി. സി. വിഷ്ണുനാഥ്, ഡി.കെ. മുരളി, ആര്യാടൻ ഷൗക്കത്ത്, കടകംപള്ളി സുരേന്ദ്രൻ, എ. കെ. എം. അഷ്റഫ് എന്നിവർ പങ്കെടുത്തു.