സാന്പത്തിക പ്രതിസന്ധി ‘ഉണ്ടില്ല’
Tuesday, September 30, 2025 2:00 AM IST
സാബു ജോണ്
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയേക്കുറിച്ചുള്ള അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച പ്രതിപക്ഷത്തെ എ.പി. അനിൽകുമാറിന് ധനമന്ത്രിയോട് ഒരു അഭ്യർഥനയേ ഉള്ളു: സാന്പത്തിക പ്രതിസന്ധി ഉണ്ടോ ഇല്ലയോ എന്നു കൃത്യമായും വ്യക്തമായും പറയണം.
ഇക്കാര്യത്തിൽ മന്ത്രി ഇതുവരെ പറയുന്നത് ‘ഉണ്ടില്ല’ എന്നാണത്രെ. ഉണ്ടെന്നും പറയില്ല, ഇല്ലെന്നും പറയില്ല. ഇന്നലത്തെ മറുപടിയിലും ‘സാന്പത്തിക പ്രതിസന്ധി ’ ഉണ്ടില്ല’ എന്ന മട്ടിലായിരുന്നു.
ഹൃദയദിനത്തിൽ ഹൃദയത്തിന്റെ ഭാഷയിലായിരുന്നു പലരും അടിയന്തരപ്രമേയത്തെ സമീപിച്ചത്. മരുന്നു വിതരണത്തിനു പിന്നാലെ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ പോലും കിട്ടാനില്ലാതായെന്നു പറഞ്ഞ ഡോ. മാത്യു കുഴൽനാടൻ സർക്കാരിനെ ഹൃദയമില്ലാത്ത സർക്കാർ എന്നാണു വിശേഷിപ്പിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പു കഴിയുന്പോൾ യുഡിഎഫിന് മൈനർ അറ്റാക്ക് വരുമെന്നും നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്പോൾ നെഞ്ചിടിപ്പു നിൽക്കുമെന്നുമാണ് കെ. ബാബു (നെന്മാറ) വിന്റെ ഹൃദയദിനത്തിലെ പ്രവചനം.
എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും ഈ സർക്കാർ എല്ലാവരെയും ഹൃദയപൂർവം ചേർത്തു നിർത്തുമെന്നാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉറപ്പു നൽകുന്നത്. അല്ലാതെ ‘ഐ ഡോണ്ട് കെയർ’ എന്നു പറഞ്ഞൊഴിയില്ലെന്നു പറഞ്ഞ് പ്രതിപക്ഷത്തിനൊരു കുത്തും നൽകി.
സർക്കാർ കൊടുത്തു തീർക്കാനുള്ള കോടികളുടെ കുടിശികകളേക്കുറിച്ചായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ചു സംസാരിച്ച ഡോ. മാത്യു കുഴൽനാടൻ തുടങ്ങി എല്ലാ പ്രതിപക്ഷ അംഗങ്ങളും ഉൗന്നൽ നൽകിയത്. എല്ലാം ഭദ്രമെന്ന മട്ടിൽ പ്രസംഗിച്ചിരുന്ന ഭരണപക്ഷത്തെ ജി.എസ്. ജയലാലിനു പിന്നാലെ വന്നത് പി.കെ. കുഞ്ഞാലിക്കുട്ടി ആയിരുന്നു.
എല്ലാം ഭദ്രമാണെങ്കിൽ പിന്നെ കരാറുകാർക്കും സർക്കാർ ജീവനക്കാർക്കും മരുന്നു കന്പനികൾക്കും മറ്റുമുള്ള കുടിശിക അങ്ങു കൊടുത്തു തീർക്കരുതോ എന്നായി കുഞ്ഞാലിക്കുട്ടി. സർക്കാരിനു മേനി പറച്ചിൽ മാത്രമേ ഉള്ളു, കൈയിൽ കാശൊന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതിസന്ധിയെന്നു പറയുന്നവരെ പൊട്ടക്കിണറ്റിലെ തവളയോടാണ് തല മുതിർന്ന കമ്യൂണിസ്റ്റ് ആയ പി. നന്ദകുമാർ ഉപമിച്ചത്. യുഎസ് ട്രഷറി പൂട്ടുമെന്ന ധനകാര്യ പ്രസിദ്ധീകരണത്തിലെ ലേഖനം വായിച്ച ആവേശത്തിലാണു നന്ദകുമാർ.
കേരളത്തിലെ ഓണവിപണി കണ്ടു മറ്റു സംസ്ഥാനങ്ങൾ ഞെട്ടിയെന്നാണു നന്ദകുമാർ മനസിലാക്കുന്നത്. കേരളത്തിലെ പുതിയ റോഡുകളും സ്കൂൾ-ആശുപത്രി കെട്ടിടങ്ങളുമൊന്നും പ്രതിപക്ഷം കാണുന്നില്ലേ എന്നാണ് സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ സംശയം. മാതൃ മരണ നിരക്കിൽ കേരളം അമേരിക്കയെയും പിന്തള്ളിയതിന്റെ ആഹ്ലാദം കുളത്തുങ്കൽ മറച്ചുവച്ചില്ല.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പത്രക്കട്ടിംഗുകളായിരുന്നു യു. പ്രതിഭയുടെയും പി.പി. ചിത്തരഞ്ജന്റെയും ആയുധങ്ങൾ. അന്നത്തെ സാന്പത്തിക പ്രതിസന്ധി വിവരിക്കുന്ന പത്രറിപ്പോർട്ടുകളിലൂടെ ഇരുവരും ആവേശപൂർവം കടന്നു പോയി.
പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ പോലും മുടക്കിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും പിണറായി ഒന്ന്, രണ്ട് സർക്കാരുകളുടെ കാലത്തും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിനായി ചെലവഴിച്ച തുകയുടെ കണക്കുകൾ നിരത്തിയാണ് ധനമന്ത്രി പ്രതിരോധിച്ചത്. പട്ടികജാതി, പട്ടികവർഗ വകുപ്പുമന്ത്രി ഒ.ആർ. കേളു നൽകിയ കണക്കുകളാണു താൻ ഉദ്ധരിച്ചതെന്നു പ്രതിപക്ഷ നേതാവ് തിരിച്ചു പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട നിയമന പ്രശ്നങ്ങളുടെ പേരിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും മോൻസ് ജോസഫും തമ്മിൽ ഒന്നിലേറെ തവണ ഏറ്റുമുട്ടി. ശൂന്യവേളയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് മോൻസ് ആദ്യം ഈ വിഷയം ഉന്നയിച്ചത്. പിന്നീട് അടിയന്തരപ്രമേയ ചർച്ചയിലും മോൻസ് ഈ വിഷയം ഉയർത്തി.
എൻഎസ്എസിന്റെ സ്ഥാപനങ്ങൾക്കു കോടതി വിധിയുടെ അടിസ്ഥാനത്തിൽ നിൽകിയ നിയമനാനുമതി ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കു നൽകുന്നില്ലെന്നാണ് മോൻസ് ആരോപിച്ചത്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശമെന്നൊക്കെ പറഞ്ഞു വീണ്ടും വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി രംഗത്തു വന്നു.