പിഎസ്സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി; പ്രതിയുടെ സഹായിയും അറസ്റ്റിൽ
Tuesday, September 30, 2025 2:00 AM IST
കണ്ണൂർ: പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തി പിടിയിലായ പ്രതിയുടെ സഹായിയും അറസ്റ്റിൽ.
പെരളശേരി മുണ്ടല്ലൂർ ഡാരൂൺ ഹബിലെ എ. സബീലിനെ (23) ആണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പരീക്ഷാർഥിയും മുഖ്യപ്രതിയുമായ പെരളശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെ (27) ഹൈ ടെക് സംവിധാനങ്ങളിലൂടെ ഉത്തരങ്ങൾ നല്കി സഹായിച്ചതിനാണ് ഇയാൾ പിടിയിലായത്.
പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 27ന് നടന്ന അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയ്ക്കുള്ള പരീക്ഷയിലാണ് സംഭവം. പിഎസ്സി വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണു സഹദ് കുടുങ്ങിയത്.
ഇതോടെ പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ പോലീസ് പിടികൂടുകയായിരുന്നു. പരീക്ഷയ്ക്കിടെ ബട്ടൺ കാമറവഴി ചോദ്യപേപ്പർ സുഹൃത്തായ സബീലിന് അയച്ചുകൊടുത്ത്, ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ കൈപ്പറ്റി പരീക്ഷയെഴുതുകയായിരുന്നു മുഹമ്മദ് സഹദ്.
പോലീസിന്റെ അന്വേഷണത്തിൽ, നാലു പരീക്ഷകളിൽ സമാനമായ രീതിയിൽ സഹദ് കോപ്പിയടിച്ചിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പോലും ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദേശപ്രകാരം എസ്ഐമാരായ വി.വി. ദീപ്തി, കെ. അനുരൂപ്, എസ്ഐ പി.എസ്. വിനോദ് കുമാർ, സിപിഒമാരായ സജിത്ത്, രോഹിത് എന്നിവർ ചേർന്നാണ് സബീലിനെ പിടികൂടിയത്.