ഭിന്നശേഷി സംവരണം: മന്ത്രി ശിവൻകുട്ടിക്കെതിരേ പ്രതിഷേധം ശക്തം
Monday, September 29, 2025 4:24 AM IST
കാക്കനാട്: ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നു ധ്വനിപ്പിക്കുന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന തികച്ചും ദുരുദ്ദേശ്യപരവും തെറ്റിദ്ധാരണാജനകവുമാണെന്ന് സീറോമലബാർ സഭ.
കേരളത്തിലെ ക്രിസ്ത്യൻ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് അധ്യാപകർ സർക്കാരിന്റെ തികഞ്ഞ പക്ഷപാതപരമായ നിലപാടുമൂലം ഗൗരവമായ പ്രതിസന്ധിയിലായിരിക്കുന്ന ഈ കാലത്താണ് ക്രൈസ്തവസമൂഹത്തിനെതിരേ ഇത്തരമൊരു പ്രസ്താവന ഉണ്ടായിരിക്കുന്നതെന്നും സഭാ പിആർഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.
സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷിനിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും സുപ്രീംകോടതിക്കും നൽകിയിട്ടുണ്ടെന്ന യാഥാർഥ്യം മറച്ചുവച്ച് മന്ത്രി ഇങ്ങനെ പറഞ്ഞത് ഉചിതമായില്ല.
ഭിന്നശേഷി സംവരണം സർക്കാർ ഉത്തരവുകൾ അനുസരിച്ച് കത്തോലിക്കാ മാനേജ്മെന്റുകൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കോടതിവിധി അനുസരിച്ചും സർക്കാരിന്റെ ഉത്തരവ്പ്രകാരവും നിശ്ചിതശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി കത്തോലിക്കാ മാനേജ്മെന്റുകൾ മാറ്റിവച്ചിട്ടുണ്ട്.
എന്നാൽ, ഇത്തരത്തിൽ മാറ്റിവച്ച 2022 വരെയുള്ള ഒഴിവുകളിൽ പകുതിയിൽപോലും അർഹരായിട്ടുള്ളവർ ഇതുവരെ എത്തിയിട്ടില്ല. 2022-25 കാലയളവിലുണ്ടായ തസ്തികൾക്ക് ആനുപാതികമായി സൃഷ്ടിക്കപ്പെട്ട ഒഴിവുകൾ നികത്തപ്പെടാതെ അവശേഷിക്കുകയുമാണ്. പക്ഷേ, ആവശ്യത്തിന് ഭിന്നശേഷിക്കാരായ അധ്യാപകർ ലഭ്യമല്ല. വസ്തുതകൾ ഇതായിരിക്കെ ഭിന്നശേഷിക്കാരുടെ നിയമനങ്ങൾ പൂർത്തിയാക്കാതെ മറ്റ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കില്ലെന്ന ശാഠ്യത്തിന്റെ പിന്നിൽ സർക്കാരിന്റെ നിക്ഷിപ്തതാത്പര്യങ്ങൾ മാത്രമാണുള്ളത്. ഈ യഥാർഥപ്രശ്നം സർക്കാർ മറച്ചുവയ്ക്കുകയാണ്.
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി നിയമാനുസൃത ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന് എൻഎസ്എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ സുപ്രീംകോടതി തീർപ്പുകൽപ്പിക്കുകയും അതേത്തുടർന്ന് അനുകൂലമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യത്തിൽ ക്രിസ്ത്യൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം ഹൈക്കോടതിയിൽനിന്ന് അനുകൂലമായ ഉത്തരവ് നേടിയിട്ടുമുണ്ട്. എൻഎസ്എസ് സമർപ്പിച്ച കേസിൽ സുപ്രീംകോടതി നടത്തിയ വിധിന്യായത്തിൽതന്നെ സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നതാണ്.
ഈ വിഷയങ്ങൾ ഉന്നയിക്കുമ്പോളെല്ലാം വിദ്യാഭ്യാസവകുപ്പിന്റെ ധിക്കാരപൂർവമായ മറുപടി, “നിങ്ങൾ വേണമെങ്കിൽ കോടതിയിൽ പൊയ്ക്കൊള്ളൂ” എന്നാണ്. പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി കോടതിയിൽ പോകാനാണെങ്കിൽ ജനാധിപത്യ സർക്കാരിന്റെ ചുമതലയെന്താണെന്നുകൂടി മന്ത്രി വ്യക്തമാക്കണം.
അധ്യാപകനിയമനം പരമാവധി നീട്ടിക്കൊണ്ടുപോയി ക്രൈസ്തവ മാനേജ്മെന്റുകളെയും അവിടെ ജോലി ചെയ്യുന്ന അധ്യാപകരെയും ദ്രോഹിക്കുകയെന്ന വിദ്യാഭ്യാസവകുപ്പിന്റെ ഗൂഢലക്ഷ്യം മറച്ചുവച്ച് വസ്തുതാവിരുദ്ധമായി കാര്യങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രിയുടെ നിലപാട് അദ്ദേഹം വഹിക്കുന്ന പദവിക്കു ചേരുന്നതല്ലെന്നും ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവന വസ്തുതാവിരുദ്ധവും രാഷ്ട്രീയപ്രേരിതവും നീതി നിഷേധവുമെന്ന് കെസിബിസി
കൊച്ചി: ക്രൈസ്തവ മാനേജ്മന്റുകൾ ഭിന്നശേഷി സംവരണം സംബന്ധിച്ച നിയമങ്ങൾ പാലിക്കുന്നില്ലെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും രാഷ്ട്രീയപ്രേരിതവും നീതി നിഷേധവുമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാന സർക്കാർ ഭിന്നശേഷി മേഖലയിൽ സംവരണം തുടങ്ങുന്നതിനു മുമ്പേ കത്തോലിക്കാ സഭ ഭിന്നശേഷി മക്കളെ ചേർത്തുനിർത്തിയിട്ടുള്ളതാണ്. സഭയുടെ കീഴിലുള്ള എല്ലാ സ്കൂളിലും ഭിന്നശേഷി സംവരണത്തിനായുള്ള എല്ലാ ഒഴിവുകളും മാറ്റിവച്ചുകൊണ്ടു സത്യവാങ്മൂലം നല്കിയിട്ടുമുണ്ട്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ നിർദേശങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റുകൾ പാലിച്ചു പോരുന്നുണ്ട്.
വസ്തുതകൾ ഇതായിരിക്കെ പൊതുജന സമക്ഷം ഈ വസ്തുതകൾക്കു വിരുദ്ധമായി വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവന അപക്വവും രാഷ്ട്രീയപ്രേരിതവും സാമൂഹിക, സാമുദായിക ചേരിതിരിവുണ്ടാക്കാൻ ലക്ഷ്യംവച്ച് നടത്തുന്നതുമാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ കുറ്റപ്പെടുത്തി.
എൻഎസ്എസിന്റെ ഹർജിയിലുണ്ടായ സുപ്രീംകോടതി വിധിയോടെ കേരള സർക്കാരിനു തീരുമാനമെടുക്കാം എന്നിരിക്കെ വീണ്ടും കോടതിയിൽ പോകണമെന്നു ശഠിക്കുന്ന വിദ്യാഭ്യാസമന്ത്രി ഫലത്തിൽ കേരള ഗവൺമെന്റിന്റെ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തിൽ ഹൈക്കോടതിയിൽനിന്നു ക്രിസ്ത്യൻ മാനേജ്മന്റ് കൺസോർഷ്യവും സമാനമായ വിധി നേടിയിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവന ദുഷ്ടലാക്കോടെയാണെന്നു പറയാതെ വയ്യ.ദിവസവേതനക്കാരായ നൂറുകണക്കിന് അധ്യാപകർക്കു വേതനം ലഭിക്കാത്തത് പ്രധാനാധ്യാപകരുടെ കൃത്യവിലോപമാണെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന പ്രധാനാധ്യാപകാർക്കെതിരേ നടത്തിയ പച്ചക്കള്ളമാണെന്നും വിദ്യാഭ്യാസമന്ത്രി മാപ്പുപറയണമെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.