മുതിർന്ന പൗരന്മാർക്കായി സീനിയർ കെയർ ഹോമുകളുമായി സർക്കാർ
Monday, September 29, 2025 4:20 AM IST
തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കുന്നതിനായി സീനിയർ കെയർ ഹോമുകൾ സ്ഥാപിക്കാൻ സർക്കാർ. ഇത്തരം കെയർഹോമുകളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് സംഘടിപ്പിച്ച ‘ഷെർപ്പ’ സീനിയർ കോണ്‍ക്ലേവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വയോജനങ്ങളുടെ ജനസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ നവകേരളത്തിൽ മുതിർന്ന പൗരന്മാർക്കുള്ള മികച്ച താമസസൗകര്യങ്ങൾ ഒരുക്കുകയെന്നത് സുപ്രധാനമാണെന്ന് കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. രവി രാമൻ പറഞ്ഞു. ഇതിനായി കെട്ടിടനിർമാണ ചട്ടങ്ങളും സേവന ഉടന്പടികളും ഉൾപ്പെടുന്ന പരിഷ്കരിച്ച നിയന്ത്രണ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
നോർക്ക സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരള സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, ഡോ. ബാജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.