ഉണങ്ങിയ തെങ്ങ് വീണ് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു
Monday, September 29, 2025 4:20 AM IST
കരുമാലൂർ: വെളിയത്തുനാട്ടിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ഉണങ്ങിയ തെങ്ങ് ദേഹത്ത് വീണ് ഏഴാംക്ലാസ് വിദ്യാർഥി മരിച്ചു. യുസി കോളജ് വയലക്കാട് വയലോടൻ വീട്ടിൽ സുധീറിന്റെ മകൻ മുഹമ്മദ് സിനാനാ (12) ണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 11നാണ് സംഭവം. സെറ്റിൽമെന്റ് സ്കൂളിന്റെ ഉടമസ്ഥയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന പനയുടെ തണ്ട് വെട്ടാൻ പോകുന്നതിനിടെയാണ് ഒഴിഞ്ഞ പറമ്പിൽ നിന്ന തെങ്ങ് കുട്ടിയുടെ ദേഹത്ത് വീണത്. ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലെത്തിച്ചു.
കബറടക്കം നടത്തി. ആലുവ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവന്റ് ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് സിനാൻ. പിതാവ് പെയിന്റിംഗ് തൊഴിലാളിയാണ്. അമ്മ: സഫിയ.