എൻഎസ്എസിന്റെ രാഷ്ട്രീയ നിലപാട് സമദൂരം; മറ്റു തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ല: ചെന്നിത്തല
Monday, September 29, 2025 4:20 AM IST
തിരുവനന്തപുരം: എൻഎസ്എസിന് ശബരിമല വിഷയത്തിൽ ഒരു നിലപാടും രാഷ്ട്രീയപരമായി മറ്റൊരു നിലപാടുമാകാമെന്നും അതിൽ ഒരു തെറ്റുമില്ലെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് വളരെ വ്യക്തമാണ്. ആ പ്രശ്നത്തിൽ അവർ സർക്കാരിനോടൊപ്പമാണ് എന്നാണ് ജനറൽ സെക്രട്ടറി പറഞ്ഞത്. അത് ഞങ്ങൾ അംഗീകരിക്കുന്നു. അവർക്ക് അത്തരമൊരു നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അതോടൊപ്പം തന്നെ അദ്ദേഹം പറഞ്ഞത് രാഷ്ട്രീയത്തിൽ തങ്ങളുടെ സമദൂരം തുടരും എന്നുതന്നെയാണ്. അതായത്, ശബരിമല വിഷയത്തിൽ അവർ എടുത്ത നിലപാട് അല്ല രാഷ്ട്രീയമായി അവർ എടുക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പത്തു വോട്ട് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് വിചാരിച്ചു നടത്തിയ ഒരു സ്റ്റണ്ട് മാത്രമായിരുന്നു അയ്യപ്പസംഗമം. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സിപിഎം ഭൂരിപക്ഷ പ്രീണനവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതുവരെ ന്യൂനപക്ഷ പ്രീണനമായിരുന്നു. എല്ലാം വോട്ടിനുവേണ്ടിയും തെരഞ്ഞെടുപ്പിനുവേണ്ടിയും മാത്രമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.