താളംതെറ്റി താറാവുകൃഷി
Monday, September 29, 2025 4:24 AM IST
കുട്ടനാടന്‍ താറാവിന്റെ ലോകം
കുട്ടനാട്: കുട്ടനാടന്‍ താറാവിന്റെ 70 ശതമാനവും മാംസളവും ഭക്ഷ്യയോഗ്യമാണ്. ചെമ്പല്ലി, ചാരത്താറാവ് തുടങ്ങിയ കുട്ടനാടന്‍ ഇനങ്ങളാണ് അത്യുത്പാദനശേഷിയില് മുന്‍പന്തിയിലുള്ളത്. ഇടയ്ക്കിടെ തവിട്ടു നിറമുള്ള കറുത്ത തൂവലോടു കൂടിയത് ചാരത്താറാവ്.
മങ്ങിയ തവിട്ടു നിറമുള്ളതും കറുപ്പ് തീരെയില്ലാത്തതാണ് ചെമ്പല്ലി. ഇവയാണ് കുട്ടനാടിന്റെ തനത് ഇനങ്ങൾ. ഇവയോട് സാമ്യമുള്ള പല ഇനങ്ങളും തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിനിന്ന് എത്തുന്നുണ്ടെങ്കിലും രുചിയുടെയും പോഷക സംപുഷ്ടിയുടെയും കാര്യത്തില്‍ തനത് കുട്ടനാടന്‍ ഇനങ്ങളോട് ഒപ്പം വരില്ല. താറാവ് കര്‍ഷകര്‍ ഹാച്ചറിയില്‍നിന്നു കൊണ്ടുവരുന്ന കുഞ്ഞുങ്ങളെ മൃഗസംരക്ഷണവകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് പരിപാലിച്ച് പൂവന്-പിട തിരിച്ച് പ്രത്യേകം വളര്‍ത്തും. പൂവന് താറാവുകളെ മാംസത്തിനായും പിടത്താറാവിനെ മുട്ടയ്ക്കായും മാറ്റിനിര്‍ത്തും.
കൃത്യമായ പരിപാലനം, മൃഗ സംരക്ഷണവകുപ്പിന്റെ നിര്‍ദേശാനുസരണമുള്ള ആരോഗ്യ പ്രതിരോധ നടപടകള്‍, വൃത്തിയും വെടിപ്പുമുള്ള പാര്‍പ്പിക്കല്‍ സൗകര്യം എന്നിങ്ങനെ ഓരോ താറാവിനെയും പ്രത്യേകം പ്രത്യേകം നിരീക്ഷിച്ച് എന്തെങ്കിലും പന്തികേട് തോന്നിയാല്‍ ശ്രദ്ധയോടെ പരിപാലിച്ച് വളർത്തിയാൽ താറാവുകൃഷി ആദായമുള്ളതും അഭിമാനമുള്ളതുമായ തൊഴിലാണ്. മാന്യമായ വരുമാനവും ലഭിക്കും.
എന്നാല്‍, പക്ഷിപ്പനിപോലെയുള്ള പകര്‍ച്ചവ്യാധികളും കുട്ടനാടന്‍ താറാവിന്റെ വ്യാജനുകളുമാണ് താറാവ് കര്‍ഷകര്‍ക്ക് ഏറ്റവും ദുരിതം നിറയ്ക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ബ്രോയിലര്‍ താറാവുകള്‍ ഈ നാട്ടിലെ താറാവ് കര്‍ഷകര്‍ക്ക് വെല്ലുവിളിയായി മാറുന്നുണ്ട്.
സ്വയം പ്രതിരോധിച്ചവർ കടക്കെണിയിൽ
2014ല്‍ പക്ഷിപ്പനി കുട്ടനാടന്‍ മേഖലയിലെ ആയിരത്തിലധികം താറാവ് കര്‍ഷക കുടുംബങ്ങളുടെ സ്വപ്നങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി. പലരും അതോടെ താറാവുകൃഷിതന്നെ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ പക്ഷിപ്പനിയെ പേടിച്ച് തങ്ങളുടെ താറാവുകളെ കൊല്ലാന്‍ വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ വകുപ്പുകളുടെ നിര്‍ദേശം അനുസരിച്ച് മറ്റ് സമ്പര്‍ക്കങ്ങളില്ലാതെ ഒരു പ്രദേശത്ത് പാര്‍പ്പിച്ച് പ്രതിരോധ മരുന്നുകള്‍ നല്കി താറാവിനെ പരിപാലിച്ച ഏതാനും താറാവ് കര്‍ഷകര്‍ കുട്ടനാട്ടില്‍ ഉണ്ടായിരുന്നു. മാസങ്ങള്‍ നീണ്ട പരിപാലനം, താറാവിനും മുട്ടയ്ക്കും നിരോധനം, നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ അനുവാദമില്ല.
താറാവിനെ തീറ്റാന്‍ വിടാത്തതുകൊണ്ട് പ്രത്യേകം തീറ്റകള്‍ വാങ്ങി നൽകണം. പരിപാലനച്ചെലവ് പതിവിലും കൂടുതല്‍. മുട്ട വ്യാപാരം അസാധ്യമായതോടെ ആയിരക്കണക്കിന് താറാവിന് മുട്ടകളാണ് ഓരോ ദിവസവും ഇവര്‍ കുഴിയെടുത്ത് മൂടിയത്. മാംസം വിൽപ്പനയ്ക്കും നിരോധനം. വരുമാനം ഒന്നുമില്ലാതെ ചെലവാക്കലിന്റെ നാളുകള്‍. താറാവുകൃഷിയിലൂടെ അന്നുവരെ സമ്പാദിച്ചതും കടം വാങ്ങിയതുമെല്ലാം ചേർത്ത് അവയെ പോറ്റി. ഒരുവിധം നിരോധനകാലം കടന്നു. പക്ഷിപ്പനിയുടെ പേരില്‍ താറാവിനെ കൊല്ലാന്‍ വിട്ടുകൊടുത്തവര്‍ക്ക് കൈനിറയെ കാശ് വന്നപ്പോള്‍ സാധാരണ കര്‍ഷകര്‍ക്ക് കൈയിലുണ്ടായിരുന്ന ലക്ഷങ്ങളാണ് വെള്ളത്തിലായത്.
തുടര്‍ന്നും നിശ്ചിത ഇടവേളകളില്‍ പക്ഷിപ്പനി വരും, അതോടൊപ്പം നിരോധനവും. അതുവരെ താറാവ് കൃഷിയിലൂടെ ഉണ്ടാക്കുന്ന വരുമാനം അപ്രത്യക്ഷമാക്കാന്‍ എത്തുന്ന മാന്ത്രിക ശക്തിയുള്ള ഒന്നായി മാറി പക്ഷിപ്പനി.
മറുനാടൻ മുട്ടകളുടെ വരവ്
ഹരിപ്പാട്: തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് താറാവ് മുട്ടകള്‍ വ്യാപകമായി എത്താന്‍ തുടങ്ങിയതു കര്‍ഷകർക്ക് ഇരുട്ടടിയാണ്. പത്ത് വര്‍ഷത്തിനിടെ താറാവ് തീറ്റയുടെ വില 20ല്‍നിന്ന് 46 രൂപ യായി വര്‍ധിച്ചു. മീന്‍ പൊടിക്ക് 130 രൂപയാണ്.
തൊഴിലാളികളുടെ പ്രതിദിന കൂലി 1200 രൂപയായി ഉയര്‍ന്നിട്ടും താറാവ് മുട്ടയ്ക്ക് എട്ടു രൂപയില്‍ കൂടുതല്‍ വില ലഭിക്കുന്നില്ല. കുറഞ്ഞത് 12 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ ഈ തൊഴില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്നാണ് ഹരിപ്പാട് ആയപറമ്പ് സ്വദേശി ദേവരാജന്‍ പറയുന്നത്.
കുഞ്ഞുങ്ങൾക്കും ക്ഷാമം
സര്‍ക്കാര്‍ ഹാച്ചറികളില്‍ താറാവ് കുഞ്ഞുങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ പുറത്തുനിന്ന് 26 രൂപ നല്കി വാങ്ങേണ്ടിവരുന്നത് കര്‍ഷകര്‍ക്ക് അധിക ബാധ്യതയാകുന്നുണ്ട്. ഒരു ദിവസം പ്രായമായ 10,000 താറാവ് കുഞ്ഞുങ്ങളെ 26 രപ നിരക്കിലാണ് സ്വകാര്യ ഹാച്ചറിയില്‍നിന്നു വാങ്ങിയത്.
മൂന്നുമാസമായ കുഞ്ഞുങ്ങള്‍ക്ക് പ്ലേഗ്, പാസ്റ്റര്ലാ രോഗങ്ങളുടെ വാക്സിന് ഇതുവരെയും ലഭിച്ചിട്ടില്ല. കൂടുതല്‍ താറാവുകളെ വാങ്ങുന്ന കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഉത്പാദന കേന്ദ്രങ്ങളില്‍ കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. 28 ദിവസമെടുത്താണ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളാകുന്നത്. കുട്ടനാട്ടിലെ ചാത്തങ്കരി, പള്ളിപ്പാട്, ചെന്നിത്തല എന്നിവിടങ്ങളിലാണ് താറാവിന് കുഞ്ഞുങ്ങളുടെ ഉത്പാദനം നടക്കുന്നത്. ഇറക്കുമതി ചെയ്ത മുട്ടകളാണ് ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്.
കള്ളിംഗിൽ നിരക്ക് 2014ലേത്
പക്ഷിപ്പനിയെത്തുടര്‍ന്ന് കള്ളിംഗിന് വിധേയമാക്കിയ താറാവുകള്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നത് 2014ലെ നിരക്ക് പ്രകാരമുള്ള 200 രൂപയാണ്. പൊതുമാര്‍ക്കറ്റില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു താറാവിന് 500-750 രൂപ വരെ വിലയുള്ളപ്പോള്‍ കള്ളിംഗിനിരയാക്കുന്ന താറാവുകളില്‍ 60 ദിവസത്തില്‍ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും 60 ദിവസം കഴിഞ്ഞവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം നല്‍കുന്നത്.
താറാവിന്റെ കുഞ്ഞുങ്ങള്‍ക്കും തീറ്റയ്ക്കും ക്രമാതീതമായി വില വര്‍ധിച്ചിട്ടും ഇപ്പോഴും 2014ലെ നിരക്കിലാണ് നഷ്ടപരിഹാര വിതരണം. 2024 ഏപ്രിലില്‍ കള്ളിംഗ് നടത്തിയ 11,000 താറാവുകള്‍ക്ക് 11 മാസത്തിന് ശേഷം 12ശതമാനം കുറച്ചാണ് നഷ്ടപരിഹാരം നല്‍കിയത്. ബാക്കി തുക ഇതുവരെയും ലഭിച്ചിട്ടില്ല.
സർക്കാരിന്റെ താങ്ങുവേണം
മാന്നാര്‍: കുട്ടനാടന്‍ താറാവിന്റെ രുചി വൈഭവം വിദേശ രാജ്യങ്ങളില്‍പോലും പ്രസിദ്ധമാണ്. കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ അധികവും താറാവ് വിഭവങ്ങൾ ആസ്വദിക്കാതെ പോകാറില്ല. കുട്ടനാടന്‍ മേഖലകള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം താറാവ് കര്‍ഷകര്‍ ഉണ്ടായിരുന്നത് അപ്പര്‍ കുട്ടനാടന്‍ മേഖലയിൽ ഉള്‍പ്പെട്ട ചെന്നിത്തലയില്‍ ആയിരുന്നു. ഒരു കാലത്ത് ചെന്നിത്തലയിലെ ഭൂരിപക്ഷം ആളുകളുടെയും ഉപജീവന മാര്‍ഗം നെല്‍കൃഷിയും താറാവ് വളര്‍ത്തലുമായിരുന്നു. ഇപ്പോള്‍ ഈ രണ്ട് കൃഷിയും ഇവിടെ വന്‍ പ്രതിസന്ധിയിലാണ്.
നെൽകൃഷിക്ക് വിവിധങ്ങളായ പദ്ധതികളുള്ളതിനാൽ കര്‍ഷകര്‍ ഈ രംഗം പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ താറാവുകൃഷിക്ക് സര്‍ക്കാര്‍ സഹായങ്ങളോ പ്രോത്സാഹന പദ്ധതികളോ വേണ്ടത്രയില്ല. അതിനാലാണ് താറാവു വളര്‍ത്തലില്‍നിന്നു പലരും പിന്നാക്കം പോകുന്നത്. താറാവുകൃഷി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയി ട്ടില്ല. സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നില്ല. നൂറിലധികം താറാവ് കര്‍ഷകരുണ്ടായിരുന്ന ചെന്നിത്തലയില്‍ അമ്പതില്‍ താഴെ കര്‍ഷകര്‍ മാത്രമാണ് നിലവിലുള്ളത്.
ഒരു കാലത്ത് പ്രധാനമായും താറാവിന് തീറ്റയായി നല്‍കിയിരുന്നത് പനയായിരുന്നു. പന ചെറുതായി അരിഞ്ഞു നൽകും. കൂടാതെ പാടശേഖരങ്ങളില്‍ തുറന്നുവിട്ട് ചെറുമത്സ്യങ്ങളും മറ്റ് ജലജീവികളെയും തീറ്റയാക്കിയിരുന്നു. പന ഇപ്പോള്‍ കിട്ടാത്ത അവസ്ഥയായതിനാല്‍ ആരും ഇപ്പോള്‍ തീറ്റയായി നല്‍കാറില്ല. കൂടാതെ പഴയതുപോലെ പാടശേഖരങ്ങളില്‍ ഇറക്കാനും കഴിയില്ല. താറാവുകളെ ഫാമില്‍ വളര്‍ത്തി തീറ്റച്ചെലവ് മുതലാക്കാന്‍ കഴിയാത്തതിനാല്‍ പാടത്തുവിട്ട് വളര്‍ത്തുന്നതിനുള്ള അനുമതി നിലനിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അപ്പര്‍കുട്ടനാടന്‍ മേഖലയായ ചെന്നിത്തല, പള്ളിപ്പാട്, മാന്നാര്‍ എന്നിവിടങ്ങളിലെങ്ങും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കുട്ടനാടന്‍ മേഖലയിലെ ചുരുക്കം ചില ഭാഗത്തു മാത്രമായിട്ടുള്ള രോഗബാധ കണക്കിലെടുത്ത് മുട്ട, ഇറച്ചി വ്യാപാരം ആലപ്പുഴ ജില്ല മുഴുവന്‍ നിരോധിക്കുകയാണ് പതിവ് . പക്ഷിപ്പനി രോഗമില്ലാത്ത മേഖലയില്‍ നിരോധനം ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് താറാവ് കര്‍ഷകര്‍ പലതവണ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ കേട്ടതായി ഭാവിക്കാറില്ല.
ആലപ്പുഴയില്‍ പരിശോധനയ്ക്ക് സൗകര്യം വേണം
തിരുവല്ല മഞ്ഞാടിയിലെ ബേര്‍ഡ് ഡിസീസ് ലാബിലാണ് പക്ഷിപ്പനിയുടെ പ്രാഥമിക പരിശോധനകള്‍ നടത്തുന്നത്. ഭോപ്പാലിലുള്ള ഹൈസെക്യൂരിറ്റി ലാബിലെ പരിശോധനയ്ക്കു ശേഷമേ പക്ഷിപ്പനി സ്ഥിരീകരിക്കുകയുള്ളൂ. ഭോപ്പാലില്‍ അയച്ച് ഫലം വന്ന് സര്‍ക്കാര്‍ ആലോചിച്ച് കള്ളിംഗ് നടത്തുമ്പോഴേക്കും 10 ദിവസം കഴിഞ്ഞിരിക്കും. അപ്പോഴേക്കും ഓരോ കര്‍ഷകന്റെയും പകുതിയില്‍ കൂടുതല്‍ താറാവ് ചത്തു കഴിയും. ജില്ലയില്‍ വൈറോളി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയും.
നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക്
കുട്ടനാട്: താറാവ് വളര്‍ത്തല്‍ സ്കൂളിൽ പഠിക്കുമ്പോൾതന്നെ ഏറ്റെടുത്തതാണ് ഞാന്‍. എന്നാല്‍ എന്റെ അടുത്ത തലമുറയെ ഇതിലേക്ക് വിടില്ല. കാരണം നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കാണ് താറാവ് കൃഷിയുടെ പോക്ക്. അതുകൊണ്ടാണ് ഭൂരിപക്ഷം കര്‍ഷകരും ഇതു നിര്‍ത്തി മറ്റു ജോലികളിലേക്കു തിരിഞ്ഞത്.
അമിത ചെലവ്
ഒരു താറാവിനെ വളര്‍ത്തി വലുതാക്കി വില്പനയ്ക്ക് തയാറാക്കുന്നതിന് ഏകദേശം 225-250 രൂപ ചെലവ് വരും. മാംസമാക്കി വിറ്റാലും മുട്ടയ്ക്കായി വളര്‍ത്തിയാലും വലിയ വ്യത്യാസമില്ല. എന്നാല്‍ മാംസത്തിന് വിറ്റാലും മുട്ട വിറ്റാലും വരുമാനം ചെലവുമായി ഒരിക്കലും ചേര്‍ന്നു പോകുന്നില്ല.

ആയിരം താറാവിനെ ഒരു ദിവസം പോറ്റാന്‍ ശരാശരി 150 കിലോ അരിയും 20 കിലോ മീന്‍ തീറ്റയും ആവശ്യമാണ്. കിലോയ്ക്ക് 28 രൂപ വിലയുള്ള അരിയും 130 രൂപ വിലയുള്ള മീന്‍ തീറ്റയ്ക്കുമായി പ്രതിദിനം 6800 രൂപ ചെലവ് വരും അതോടൊപ്പം രണ്ട് ജോലിക്കാര്‍ക്കുള്ള 2200 രൂപയും ഉള്‍പ്പെടെ 9000 രൂപയാണ് പ്രതിദിനം കണ്ടെത്തേണ്ടിവരുന്നത്. അതിനു തക്ക വരുമാനം ഒരിക്കലും ലഭിക്കുന്നില്ല.
തീറ്റാന്‍ സൗകര്യം ലഭിക്കുന്നില്ല
മുന്‍കാലങ്ങളില്‍ കൃഷി കഴിഞ്ഞ പാടശേഖരങ്ങളില്‍ താറാവിനെ തീറ്റാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ പല പാടശേഖരങ്ങളും അതിന് അനുവദിക്കുന്നില്ല. അനുവദിച്ചാല്‍ തന്നെ അമിത തുക പാടശേഖരങ്ങള്‍ക്ക് നല്‍കേണ്ടി വരുന്നു. താറാവ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് ഇത്.
വരുമാനം കുറഞ്ഞു
ആയിരം താറാവിനെ വളര്‍ത്തിയാല്‍ ശരാശരി 700 മുട്ടയാണ് ഒരു ദിവസം ലഭിക്കുക. എട്ട്-ഒമ്പത് രൂപപ്രകാരം 5600-6300 രൂപ കിട്ടാം. ഇത്രയുമാണ് മുട്ടത്താറാവില്നിന്നുള്ള വരുമാനം. നാല് മാസത്തോളം വരുമാനം ഒന്നുമില്ലാതെ വളര്‍ത്തി വലുതാക്കി കഴിഞ്ഞുള്ള വരുമാനവും അനുദിന ചെലവിനേക്കാള്‍ കുറവാണ്.
നാല് മാസം വളര്‍ത്തി ഇറച്ചിക്കു വിറ്റാല്‍ ഇന്ന് കിട്ടുന്നത് ഹോള്‍സെയില്‍ വില 250 രൂപ വരെയാണ്. ഇത് വളര്ത്തുചെലവുമായി ഒരു തരത്തിലും ചേര്‍ന്നുപോകില്ല. ഇന്നത്തെ നിലയില്‍ മാംസത്തിനായി വില്‍ക്കുന്ന താറാവിന് 500 രൂപയെങ്കിലും ലഭിച്ചാലേ ഈ തൊഴിലുമായി മുന്നോട്ടുപോകാനാകൂ.
നിരണം ഡക്ക് ഫാം അടഞ്ഞിട്ട് ഒരു വർഷം
തിരുവല്ല: പക്ഷിപ്പനിയുടെ പേരിൽ തിരുവല്ല നിരണത്തെ ഡക്ക്ഫാം അടച്ചിട്ട് ഒരുവർഷം. താറാവ് കൃഷിയിൽ ഗവേഷണം നടക്കുകയും പുതിയ ഇനങ്ങൾ ഉത്പാദിപ്പിക്കുകയും കർഷകർക്ക് ആവശ്യമായ താറാവിൻ കുഞ്ഞുങ്ങളെ നൽകിവരികയും ചെയ്തുവന്ന ഡക്ക്ഫാമിൽ ഇപ്പോൾ കാര്യമായ ഒരു പ്രവർത്തനവും ഇല്ല. പക്ഷിപ്പനിയുടെ പേരിൽ നിലച്ചുപോയ താറാവ് കൃഷി പുനരുജ്ജീവിപ്പിക്കാനുമായിട്ടില്ല. കേരളത്തിലെ തന്നെ എറ്റവും വലിയ ഡക്ക്ഫാമാണ് നിരണത്തേത്.

കഴിഞ്ഞ വർഷം ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഫാമിന് പൂട്ട് വീഴുകയയായിരുന്നു. താറാവുകളുടെ സാമ്പിളുകൾ ശേഖരിച്ച് ഭോപ്പാൽ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ പരിശോധിച്ചതിൽ പക്ഷിപ്പനി സ്ഥിരീകരിച്ചുവത്രേ. ഇവിടെ വളർത്തിയിരുന്ന 4000ത്തോളം താറാവുകളെയാണ് കൊന്നൊടുക്കിയത്.
കാക്കി , ഇഗോവ, പാത്ത, നാടൻ തുടങ്ങിയ മുട്ടത്താറാവുകളെയും ഇറച്ചിത്താറാവുകളെയുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കൊന്നൊടുക്കിയത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആറുമാസത്തേക്ക് ഫാമിൽ താറാവുകളെ വളർത്താൻ പാടില്ല എന്ന് സർക്കാർ ഉത്തരവിടുകയും ഫാമിനും തുടർന്ന് ഫാമിനോടു ചേർന്നുള്ള ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെയും ചെറിയ ഫാമുകളിലെയും കോഴികളെയും താറാവുകളെയും കൊന്നൊടുക്കുകയും ചെയ്തിരുന്നു.
കൊന്നൊടുക്കുന്ന ഓരോ പക്ഷിക്കും നഷ്ടപരിഹാരമായി ഏകദേശം 400 രൂപ ലഭ്യമാകും എന്ന് സർക്കാർ ഉറപ്പു നൽകിയെങ്കിലും ഇതുവരെയും കർഷകർക്ക് ഈ തുക ലഭ്യമായിട്ടില്ല. നിരണം പഞ്ചായത്തിൽ തന്നെ 15 താറാവ് കർഷകർ ഉണ്ട്. ഇതിൽ പകുതിയോളം കർഷകരുടെ താറാവുകളെ പക്ഷിപ്പനി കണ്ടെത്തിയതോടെ കൊന്നൊടുക്കിയിരുന്നു.
ഓരോ കർഷകന്റെയും 6000 മുതൽ 10,000 താറാവുകളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെങ്കിലും ഇതിന്റെ നഷ്ടപരിഹാരത്തുക ഇതുവരെയും കർഷകർക്ക് നൽകിയിട്ടില്ല. മുൻ കൊല്ലങ്ങളിലും പക്ഷിപ്പനിയുടെ പേരിൽ താറാവുകളെ കൊന്നൊടുക്കിയിട്ടുണ്ട്. ഇത്തവണ നിരോധന കാലയളവ്തന്നെ നീണ്ടുപോയി. ഇതോടെ ഒരുവർഷത്തോളമായി പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ് കർഷകർ.
നിരണം ഡക്ക് ഫാമിൽ രണ്ടായിരത്തോളം മുട്ടകളാണ് പ്രതിദിനം ഉത്പാദിപ്പിച്ചിരുന്നത് ഇതിൽ ആയിരം മുട്ടകൾ കുഞ്ഞുങ്ങളെ വിരിയിക്കാനും ബാക്കിയുള്ളവ സർക്കാർ നിരക്കിൽ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകുകയുമാണ് ചെയ്തിരുന്നത്. കുറഞ്ഞ നിരക്കിൽ മുട്ട വാങ്ങി വിപണനം നടത്തിയിരുന്ന ചെറുകിട കർഷകരുടെയും വ്യാപാരികളുടെയും ഉപജീവനമാർഗവും ഇതോടെ അടഞ്ഞു.
16 സ്ഥിരം ജീവനക്കാർ ഉള്ള ഫാമിൽ സർക്കാർ നിർദേശിച്ചിരുന്ന പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും രോഗപ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. ദേശാടനപ്പക്ഷികൾ എത്തി ഫാമിലെ താറാവുകളുമായി സംസർഗം ഉണ്ടാകാതിരിക്കാൻ ഫാമിനു ചുറ്റും നെറ്റ് വിരിച്ച് പ്രതിരോധ കവചം ഏർപ്പെടുത്തുകയും ചെയ്തു. സർക്കാരിൽ നിന്നുള്ള അനുകൂല നടപടി ഇതുവരെയും ഉണ്ടായിട്ടില്ല.