മുല്ലപ്പെരിയാർ ടണല്‍ സമരസമിതിയുടെ സമരം ഒരു വര്‍ഷം പിന്നിടുന്നു
Monday, September 29, 2025 4:20 AM IST
കോട്ടയം: കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനു ഭീഷണിയായി നില്ക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിനായി മുല്ലപ്പെരിയാറില്‍ പുതിയ ടണല്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി മുല്ലപ്പെരിയാര്‍ ടണല്‍ സമരസമിതി നടത്തുന്ന സമരം ഒക്്ടോബര്‍ രണ്ടിന് ഒരു വര്‍ഷം പിന്നിടുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ 2014 മേയ് ഏഴിന് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആര്.എം. ലോഥ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു.
നിലവില്‍ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണിലിനേക്കാള് താഴ്ന്ന വിതാനത്തില്‍ മറ്റൊരു ടണല്‍ നിര്‍മിച്ച് ഡാമിലെ ജലനിരപ്പ് താഴ്ത്തി തമിഴ്നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും ഉറപ്പാക്കണമെന്നാണ് വിധിയില്‍ പറയുന്നത്. ഏതാണ്ട് 100 കോടി രൂപ ചെലവില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഈ നിര്‍ദേശം ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പകരം, 2,000 കോടി ചെലവു വരുന്നതും വലിയ കാലതാമസമുണ്ടാക്കുന്നതുമായ പുതിയ ഡാം നിര്‍മിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍.
മുല്ലപ്പെരിയാറില്‍ പുതിയ ടണല്‍ നിര്‍മിച്ച് ജലനിരപ്പ് താഴ്ത്തി തമിഴ്നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വൈപ്പിനില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ആരംഭിച്ചതാണ് മുല്ലപ്പെരിയാര്‍ ടണല്‍ സമരം. സമരം ഒരു വര്‍ഷം തികയുന്ന രണ്ടിനു വൈകുന്നേരം നാലിന് മാലിപ്പുറം സമരപ്പന്തലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ തമിഴ്നാട്ടിലെ പ്രശസ്ത എഴുത്തുകാരി എ. വെണ്ണില മുഖ്യാതിഥിയായി പങ്കെടുക്കും.