എഴുപത് വയസായാല്‍ റേഷന്‍കട ഉടമയ്ക്ക് ലൈസന്‍സ് പുതുക്കിക്കിട്ടില്ല
ബെന്നി ചിറയില്‍
Monday, September 29, 2025 4:20 AM IST
ചങ്ങനാശേരി: റേഷന്‍കട ഉടമയ്ക്ക് എഴുപത് വയസായാല്‍ ലൈസന്‍സ് പുതുക്കിക്കിട്ടില്ല. കേരള ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം(കെടിപിഡിഎസ്)ഉത്തരവ് പ്രകാരം ഫെയര്‍ പ്രൈസ് ഷോപ്പ് ലൈസന്‍സ് ഉടമയായി തുടരാനുള്ള പ്രായം എഴുപതാണെന്നും എഴുപത് വയസാകുന്ന തീയതി കഴിഞ്ഞാല്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കേണ്ടതില്ലെന്നും സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറാണ് ഉത്തരവിറക്കിയിരിക്കുന്നത്.
സാധാരണഗതിയില്‍ അഞ്ചു വര്‍ഷത്തേക്കാണ് ലൈസന്‍സ് പുതുക്കി നല്കുന്നതെങ്കില് 69 വയസ് കഴിഞ്ഞ ലൈസന്‍സിക്ക് എന്നാണോ എഴുപത് വയസ് തികയുന്നത് അന്നുവരെ മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കാവൂ എന്നുമാണ് ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷനിംഗ് ഓഫീസര്‍മാര്‍, സീനിയര്‍ സൂപ്രണ്ട്, വിജിലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് അയച്ച ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതുപ്രകാരം സംസ്ഥാനത്തെ എഴുപത് വയസു തികഞ്ഞ 1500ലേറെ ആളുകള്‍ക്ക് റേഷന്‍കട ലൈസന്‍സ് നിഷേധിക്കപ്പെടും.
ഉത്തരവിറങ്ങിയതോടെ റേഷന്‍കടകളില്‍ ഉദ്യോഗസ്ഥര്‍ എത്തി ലൈസന്‍സികളുടെ വയസ് പരിശോധിച്ച് എഴുപത് വയസായെങ്കില്‍ ലൈസന്‍സ് പുതുക്കില്ലെന്നും അനന്തരാവകാശിയുണ്ടെങ്കില് ലൈസന്‍സ് മാറ്റി നല്‍കണമെന്നും സമ്മര്‍ദം ചെലുത്തുണ്ട്. പഴയ കേരള റേഷനിംഗ് ഓര്‍ഡര്‍ 1966 പ്രകാരം ലൈസന്‍സ് ലഭിച്ചാല്‍ മരണം വരെയോ ആരോഗ്യം അനുവദിക്കുന്ന കാലം വരെയോ കട നടത്താമെന്നും അനന്തരാവകാശിക്കു നല്‍കാമെന്നും നിബന്ധനയുണ്ടായിരുന്നു. പുതിയ കേരള ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം പ്രകാരം അനന്തരാവകാശി നിയമനം അനുവദിക്കുന്നില്ല. അനന്തരാവകാശി മരിച്ചാല്‍ അടുത്തയാള്‍ക്ക് കൈമാറാനുള്ള അവകാശവും പുതിയ നിബന്ധന പ്രകാരം നിയന്ത്രിക്കപ്പെട്ടു.
റേഷന്‍ വ്യാപാരി സംഘടനകളുടെ നിരന്തരമായ സമ്മര്‍ദത്തെത്തുടര്‍ന്ന് ഒറ്റത്തവണ അനന്തരാവകാശിക്ക് കട കൈമാറാമെന്ന വ്യവസ്ഥ തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഉത്തവായിട്ടില്ല. എഴുപത് വയസ് എന്ന നിബന്ധനയ്ക്കെതിരേ കേരള റേഷനിംഗ് ഓര്‍ഡര്‍ പ്രകാരമുള്ള പഴയ ലൈസന്‍സികള്‍ കോടതിയെ സമീപിക്കുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
കേരള ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം കണ്ട്രോള് പ്രകാരമാണ് റേഷന്‍ കാര്‍ഡ് അനുവദിക്കല്‍, റേഷന്‍ പെര്‍മിറ്റുകളുടെ വിതരണം, ഫെയര്‍ പ്രൈസ് ഷോപ്പ് ഉടമസ്ഥാവകാശം തുടങ്ങി പൊതുവിതരണവുമായി ബന്ധപെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത്.
റേഷന്‍ വ്യാപാരികളുടെ നിയമസഭാ മാര്‍ച്ച് ഏഴിന്
പത്തനംതിട്ട: റേഷന്‍ വ്യാപാരികളുടെ കമ്മീഷന് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അതിന്മേല് യാതൊരു തീരുമാനവും എടുക്കാത്ത സംസ്ഥാന ഗവണ്മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഏഴിന് സംസ്ഥാന, ജില്ല, താലൂക്ക് ഭാരവാഹികള്‍ നിയമസഭയിലേക്കു മാര്‍ച്ച് നടത്തുമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ അധ്യക്ഷത വഹിക്കും.
റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഒന്നും ഇതേവരെ നടപ്പിലാക്കാതെ നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. റേഷന്‍ വ്യാപാരികളെ സമരത്തില്‍ നിന്നു പിന്മാറ്റാന് പുതിയ പുതിയ ഉത്തരവുകള്‍ വകുപ്പ് മേധാവികള്‍ ഇറക്കുകയാണെന്നും ഇത് ഭക്ഷ്യമന്ത്രിയും സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാന ത്തിന്റെ ലംഘനമാണെന്നും ജോണ്സണ് വിളവിനാല്‍ പറഞ്ഞു.
70 വയസായ റേഷന്‍ വ്യാപാരികളെ യാതൊരു ആനുകൂല്യവും നല്‍കാതെ പിരിച്ചുവിടാനുള്ള ഭക്ഷ്യവകുപ്പിന്റെ നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സത്യഗ്രഹത്തോടൊപ്പം റേഷന്‍ കടകളും അടച്ചിടാന്‍ വ്യാപാരികള്‍ നിര്ബന്ധിതരാകുംമെന്നും അദ്ദേഹം പറഞ്ഞു.