പിഎസ്സി പരീക്ഷയിലെ കോപ്പിയടി: പ്രതിയെ സഹായിച്ചവരെക്കുറിച്ചു സൂചന
Monday, September 29, 2025 4:24 AM IST
കണ്ണൂർ: പിഎസ്സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തി പിടിയിലായ യുവാവിനെ സഹായി ച്ചവരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. പെരളശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദ് (27) ആണ് ശനിയാഴ്ച പിഎസ്സി വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.
പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പ്രതി കോപ്പിയടിക്കാൻ ഉപയോഗിച്ച കാമറയും പോലീസ് കണ്ടെത്തിയിരുന്നു.
പരീക്ഷാ സെന്ററിൽനിന്നു ചെറിയ കാമറ ഉപയോഗിച്ച് സഹദ് പിഎസ്സി പരീക്ഷയിൽ ഹൈടെക് സംവിധാനങ്ങളോടെ കോപ്പിയടിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് സഹായിച്ചവരെക്കുറിച്ച് സൂചന ലഭിച്ചത്. പരീക്ഷാ സെന്ററിന് പുറത്തുനിന്നു മൊബൈൽ ഫോൺ വഴി യുവാവിന് ഉത്തരങ്ങൾ പറഞ്ഞുകൊടുത്തയാളെക്കുറിച്ചാണ് പോലീസിന് സൂചന ലഭിച്ചത്.
കണ്ണൂർ പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഷർട്ടിന്റെ കോളറിന് സമീപം വളരെ ചെറിയ കാമറ ഉപയോഗിച്ചു ചോദ്യപേപ്പറിലെ ചോദ്യങ്ങൾ മറ്റൊരാൾക്ക് അയച്ചുകൊടുത്ത് ചെവിയിൽ തിരുകിവച്ച ഇയർ ഫോൺ വഴിയാണ് ഉത്തരങ്ങൾ കേട്ട് ഇയാൾ എഴുതിയിരുന്നത്. നേരത്തെ സഹദിനെക്കുറിച്ചു പിഎസ്സി വിജിലൻസ് സ്ക്വാഡിന് സംശയങ്ങളുണ്ടായിരുന്നു. രഹസ്യവിവരമനുസരിച്ചാണ് റെയ്ഡ് നടത്തിയത്.
ഇയാളുടെ മൊബൈൽ ഫോൺ, കാമറ, ഇയർഫോൺ എന്നിവ പോലീസ് കസ്റ്റഡിയിലാണ്. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ബാഹ്യസഹായം വ്യക്തമായത്. ഇവരെ പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കി. ഒരു സഹായി വലയിലായതായും സൂചനയുണ്ട്. സഹദ് നേരത്തേ എഴുതിയ പരീക്ഷകളെക്കുറിച്ചും പിഎസ്സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 30ന് എഴുതിയ പരീക്ഷ ഉൾപ്പെടെ മുഴുവൻ പരിശോധിക്കും. സഹദിനെ ഡീബാർ ചെയ്യാനാണ് തീരുമാനം.