വിരുദ്ധാഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍
Monday, September 29, 2025 4:24 AM IST
തിരുവനന്തപുരം: രാജ്ഭവന്റെ ഇന്‍ ഹൗസ് മാഗസിനായ ‘രാജഹംസി’ന്റെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് ചടങ്ങില്‍ പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ മാസികയായ രാജഹംസിന്റെ പ്രകാശനം രാജ്ഭവനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുന്നതിനായാണ് മുഖ്യമന്ത്രി ലേഖനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കിയത്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ ലീഗല്‍ അഡ്വൈസര്‍ അഡ്വ. ശ്രീകുമാറിന്റെ ലേഖനത്തോടാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. ലേഖനത്തില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍, നിയമസഭയുടെ അധികാരങ്ങള്‍ എന്നിവയെക്കുറിച്ചാണു പ്രതിപാദിച്ചിട്ടുള്ളത്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതോ അല്ലാത്തതോ ആയ ലേഖനങ്ങള്‍ മാസികയില്‍ വരാമെന്നും അത്തരം അഭിപ്രായങ്ങള്‍ ലേഖകന്റേതു മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിരുദ്ധ അഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തില്ല. ആദ്യപതിപ്പിലെ ലേഖനത്തില്‍ ഗവര്‍ണറുടെ അധികാരങ്ങളും സര്‍ക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ലേഖകന്‍ രേഖപ്പെടുത്തിയിരിക്കുന്നത് സര്‍ക്കാരിന്റെ അഭിപ്രായമല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. അത് രാജ്ഭവന്റെ പേരില്‍ വരുന്നു എന്നു കരുതി അത് സര്‍ക്കാരിന്റെ അഭിപ്രായമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണറും മുഖ്യമന്ത്രിയും ശശി തരൂര്‍ എംപിയും ചേര്‍ന്നു നിലവിളക്കു കൊളുത്തിയാണ് പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്തത്. മാസിക ശശി തരൂര്‍ എംപിക്കു നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്തത്.
രാജ്യത്തെ രാജ്ഭവനുകളുടെ പേര് ലോക്ഭവന് എന്നു മാറ്റണമെന്നു മാസിക ഏറ്റുവാങ്ങിക്കൊണ്ടു പ്രസംഗിച്ച ശശി തരൂര്‍ എംപി പറഞ്ഞു. രാജ്ഭവന് ജനങ്ങളുടെ ഭവനമാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനുകള്‍ ലോക്ഭവന് ആകണമെന്ന ശശി തരൂരിന്റെ ആവശ്യം താന്‍ നേരത്തേ ഉന്നയിച്ചതാണെന്നും രാഷ്ട്രപതിഭവനില്‍ 2022 ഗവര്‍ണേഴ്സ് കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ഉന്നയിച്ചതെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു.
ബ്രിട്ടീഷ് കോളോണിയലിസ്റ്റ് ചിന്തകളെ തച്ചുടച്ച് രാജ്ഭവനുകളെ ലോക്ഭവനുകള്‍ ആക്കുക എന്നുള്ളത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണ് രാജഹംസ് മാസിക എന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനു ഗവര്‍ണര്‍ പ്രസംഗത്തില്‍ മറുപടി പറഞ്ഞില്ല. നാക് റാങ്കിംഗില്‍ മികവ് പുലര്‍ത്തിയ കേരള, കുസാറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാരെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു.
ഭാരതാംബ ചിത്രം നീക്കി
രാജ്ഭവന്റെ ഇന്‍ ഹൗസ് മാഗസിനായ ‘രാജഹംസിന്റെ’ പ്രകാശനചടങ്ങിനു മുന്‍പ് രാജ്ഭവന് ഹാളില്‍ സ്ഥാപിച്ചിരുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഒഴിവാക്കി. മുന്‍പ് ചിത്രം ഒഴിവാക്കില്ലെന്ന നിലപാടായിരുന്നു ഗവര്‍ണര്‍ സ്വീകരിച്ചിരുന്നതെങ്കിലും മാസിക പ്രകാശനവേദിയില്‍ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല.
ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഒഴികെയുള്ള പരിപാടികളില്‍ ഭാരതാംബ ചിത്രം ഉള്‍പ്പെടുത്തുമെന്ന നിലപാടിലായിരുന്നു രാജ്ഭവന്. പക്ഷേ ഇന്നലത്തെ ചടങ്ങില്‍നിന്നും ഭാരതാംബ ചിത്രം ഒഴിവാക്കിയത് ശ്രദ്ധേയമായി. ഓണാഘോഷ പരിപാടിയുടെ സമാപനവേദിയില്‍ തന്നെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ അയഞ്ഞുതുടങ്ങിയിരുന്നു.