ഓപ്പറേഷന് നുംഖോര്‍: ഡല്‍ഹി സംഘത്തിന്റെ പങ്ക് തേടി കസ്റ്റംസ്
Monday, September 29, 2025 4:23 AM IST
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് കുണ്ടന്നൂരില്‍നിന്ന് ഫസ്റ്റ് ഓണര്‍ ഭൂട്ടാന് ലാന്‍ഡ് ക്രൂസര്‍ പിടിച്ചെടുത്ത സംഭവത്തില്‍ നിലവിലെ വാഹന ഉടമ മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യംചെയ്യും.
കഴിഞ്ഞ ദിവസം നടന്ന ചോദ്യംചെയ്യലില്‍ മാഹിനില്‍നിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് നിര്‍ണായക വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും വാഹനത്തിന്റെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുമാണ് ഇന്ന് ചോദ്യംചെയ്യലിനെത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
നികുതിവെട്ടിച്ച് ഭൂട്ടാനില്‍നിന്നു കേരളത്തിലേക്ക് അനധികൃതമായി വാഹനം കടത്തുന്നതിനു പിന്നില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണു കണ്ടെത്തല്‍. നടന് അമിത് ചക്കാലയ്ക്കലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള ഇടനില സംഘത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മാഹിന്‍ അന്സാരിയില്നിന്നു ഡല്‍ഹിയിലെ ഇടനിലക്കാരെക്കുറിച്ചുള്ള വിവരം കസ്റ്റംസിനു ലഭിച്ചിട്ടുള്ളത്.
ഡല്‍ഹിയില്‍നിന്നുള്ള സംഘം വഴി കേരളത്തിലേക്കു കൂടുതല്‍ വാഹനങ്ങള്‍ എത്തിയിട്ടുണ്ടോ, സംസ്ഥാനത്ത് ഇവരുടെ ഇടനിലക്കാരായി മറ്റ് ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നീ കാര്യങ്ങളിലടക്കം കസ്റ്റംസ് മാഹിനില്നിന്നു വിവരം തേടും. അരുണാചല്‍ പ്രദേശിലെ നംഷായി ആര്‍ടിഒ ഓഫീസിലാണ് വാഹനത്തിന്റെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ വിശദാംശങ്ങള്‍ കസ്റ്റംസ് തേടിയിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്തേക്ക് അനധികൃതമായി എത്തിയ മറ്റു വാഹനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു കടത്തിയതിലും കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരുന്നൂറോളം വാഹനങ്ങള്‍ നികുതിവെട്ടിച്ച് എത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതില്‍ 39 വാഹനങ്ങള്‍ മാത്രമാണ് ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കണ്ടെത്താനായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സംസ്ഥാന പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹായത്തോടെയാണ് മറ്റ് വാഹനങ്ങള്‍ കണ്ടെത്താനുള്ള കസ്റ്റംസിന്റെ നടപടികള്‍ പുരോഗമിക്കുന്നത്.