ഹൃദയഭേദകം; കരൂർ ദുരന്തത്തിൽ മരണം 40
Monday, September 29, 2025 2:03 AM IST
കരൂർ/ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ സംഖ്യ 40 ആയി. അറുപതിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. കണ്ണീർക്കടലായ കരൂർ ഇപ്പോഴും ദുരന്തത്തിന്റെ നടുക്കത്തിലാണ്.
മരണസംഖ്യ ഉയർന്നതോടെ സിബിഐ അല്ലെങ്കിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിനെ സമീപിച്ചു. സംഭവത്തിനു തൊട്ടുമുന്പ് കല്ലേറുണ്ടായെന്നും ഇടയ്ക്ക് വൈദ്യുതി നിലച്ചെന്നും ടിവികെ ആരോപിച്ചിട്ടുണ്ട്. അതേസമയം, ശനിയാഴ്ചയുണ്ടായ ദുരന്തം അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തുന്നതുവരെ വിജയ്യുടെ റാലികൾ നിരോധിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല.
കരൂരിൽ പരിക്കേറ്റ സെന്തിൽ കണ്ണൻ എന്നയാളാണ് ഹർജി നല്കിയത്. ഹർജി ഇന്നു പരിഗണിച്ചേക്കുമെന്ന് അറിയുന്നു. പൊതുസുരക്ഷ അപകടത്തിലാകുന്പോൾ ജീവിക്കാനുള്ള അവകാശത്തിന്, സംഘം ചേരാനുള്ള അവകാശത്തേക്കാൾ മുൻഗണന നല്കണമെന്നും സെന്തിൽ കണ്ണൻ ആവശ്യപ്പെടുന്നു.
അതേസമയം, 40 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച വിജയ്, മരണമടഞ്ഞ വരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി.
മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നല്കും. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയും ബിജെപിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് കെ. പളനിസ്വാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, പിഎംകെ നേതാവ് അൻപുമണി രാമദാസ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശുപത്രി സന്ദർശിച്ചു.
രജനീകാന്ത്, എംഎൻഎം നേതാവ് കമൽഹാസൻ തുടങ്ങിയ പ്രമുഖർ അനുശോചിച്ചു. ടിവികെ നേതാവ് വിജയ്യെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, ഏതു നടപടിയും അന്വേഷണസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും രാഷ്ട്രീയലക്ഷ്യത്തോടെയുള്ള പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
ശരിയായ ക്രമീകരണങ്ങൾ ഉറപ്പാക്കി ദുരന്തം ഒഴിവാക്കാൻ കഴിയാത്തതിന് പോലീസിനെയും ഭരണകൂടത്തെയും പ്രതിപക്ഷ നേതാവ് ഇടപ്പാടി പളനിസ്വാമി കുറ്റപ്പെടുത്തി. ജില്ലാ കളക്ടർക്കും പോലീസ് സൂപ്രണ്ടിനുമെതിരെ സർക്കാർ കർശന നടപടിയെടുക്കണമെന്നും സിബിഐ അന്വേഷണം വേണമെന്നും ബിജെപി നേതാവ് അണ്ണാമലൈ ആവശ്യപ്പെട്ടു. റാലി നടക്കുമ്പോൾ വൈദ്യുതി വിതരണം തടസപ്പെട്ടെന്ന ആരോപണം തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ചീഫ് എൻജിനിയർ സി. രാജലക്ഷ്മി നിഷേധിച്ചു.
മുപ്പതു മൃതദേഹങ്ങൾ കൈമാറി
ചെന്നൈ: കരൂരിൽ കൊല്ലപ്പെട്ടവരിൽ 30 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറിയതായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. കരൂർ മെഡിക്കൽ കോളജിലെത്തിയ ഉപമുഖ്യമന്ത്രി ചികിത്സയിൽ കഴിയുന്നവരെ കണ്ടു. മൃതദേഹങ്ങളിൽ അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു. മൃതദേഹങ്ങൾ കൊണ്ടുപോകാനായി പ്രത്യേകം ആംബുലൻസുകളും ഒരുക്കിയിട്ടുണ്ട്.

അവശേഷിച്ച് പത്തു മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്നലെത്തന്നെ നടത്തുമെന്ന് ആശുപത്രി അധികൃതർ രാത്രി അറിയിച്ചിരുന്നു. വിദേശസന്ദർശനം വെട്ടിച്ചുരുക്കി കരൂരിലെത്തിയ ഉദയനിധിക്കൊപ്പം ഏഴ് മന്ത്രിമാരും ഉണ്ട്. സ്ഥിതിഗതികൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി പങ്കുവയ്ക്കുന്നുണ്ടെന്ന് ഉദയനിധി അറിയിച്ചു.
കൂടുതൽ വാർത്തകൾ
പേജ് 07