ആൻഡമാൻ കടലിൽ വൻ വാതകശേഖരം
Sunday, September 28, 2025 1:40 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ആൻഡമാൻ കടലിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് 17 കിലോമീറ്റർ (9.20 നോട്ടിക്കൽ മൈൽ) അകലെയാണു പ്രകൃതിവാതകം കണ്ടെത്തിയതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ദ്വീപുകളിലെ പ്രകൃതിവാതകത്തിന്റെ അളവും വാണിജ്യസാധ്യതകളും വരുംമാസങ്ങളിൽ കണക്കാക്കും.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരേ അമേരിക്ക വൻ പിഴത്തീരുവ ചുമത്തിയ സാഹചര്യത്തിൽ പുതിയ കണ്ടെത്തലിനു പ്രാധാന്യമുണ്ട്. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 88 ശതമാനവും പ്രകൃതിവാതകത്തിന്റെ 50 ശതമാനവും നിലവിൽ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിയിൽ വലിയ കുറവ് വരുത്താൻ ആൻഡമാൻ കടലിലെ പര്യവേക്ഷണം സഹായിക്കുമെന്നാണു പ്രതീക്ഷ. ഊർജ ആവശ്യങ്ങളിൽ സ്വയംപര്യാപത നേടുന്നതിന് പുതിയ കണ്ടെത്തൽ ശക്തിയേകും.
കിണറിന്റെ പ്രാരംഭ ഉത്പാദന പരിശോധനയിലാണ് ഇടയ്ക്കിടെ ജ്വലനത്തോടെയുള്ള പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. കാക്കിനാഡയിലേക്ക് കപ്പൽ വഴി കൊണ്ടുവന്ന വാതക സാന്പിളുകൾ പരിശോധിച്ചപ്പോൾ 87 ശതമാനം മീഥേൻ ഉണ്ടെന്നു കണ്ടെത്തിയതായി മന്ത്രി പുരി പറഞ്ഞു.
ആൻഡമാൻ തടം പ്രകൃതിവാതകത്താൽ സന്പന്നമാണെന്ന വിശ്വാസം സ്ഥിരീകരിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പാണ് പുതിയ കണ്ടെത്തലെന്ന് എക്സിലെ ട്വീറ്റിൽ മന്ത്രി ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലെ ഗയാനയുടേതിനു തുല്യമായ പ്രകൃതിവാതകശേഖരം ആൻഡമാൻ കടലിലുണ്ടെന്ന് പുരി നേരത്തേ പറഞ്ഞിരുന്നു.
തങ്ങളുടെ കീഴിലുള്ള ആഴം കുറഞ്ഞ ഓഫ്ഷോർ ബ്ലോക്കിലെ രണ്ടാമത്തെ പര്യവേക്ഷണ കിണറായ വിജയപുരം-2ൽ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.
പരിശോധനയ്ക്കായി ശേഖരിച്ച വാതകസാന്പിളുകളുടെ പ്രാഥമിക വിശകലനം പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. വാതകത്തിന്റെ ഉത്ഭവം മനസിലാക്കുന്നതിനായി കൂടുതൽ വാതക ഐസോടോപ്പ് പഠനങ്ങൾ നടത്തിവരികയാണെന്നും ഓയിൽ ഇന്ത്യ വ്യക്തമാക്കി.
ഹൈഡ്രോകാർബണ് ശേഖരത്തിന്റെ പ്രധാന സൂചകമായിരിക്കാം ആൻഡമാനിലേതെന്നാണു പ്രതീക്ഷ. ഭാവിയിലെ പര്യവേക്ഷണത്തിലും ഡ്രില്ലിംഗ് തന്ത്രത്തിലും ഇതു സഹായിക്കുമെന്ന് ഓയിൽ ഇന്ത്യ അറിയിച്ചു.
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ എണ്ണ-പ്രകൃതിവാതക കോർപറേഷനും (ഒഎൻജിസി) ആൻഡമാൻ കടലിൽ പര്യവേക്ഷണം നടത്തുന്നുണ്ടെങ്കിലും എണ്ണ കണ്ടെത്തിയതായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആൻഡമാൻ തീരത്ത് കഴിഞ്ഞ മാർച്ച് മുതൽ ഒഎൻജിസി ആഴത്തിലുള്ള എണ്ണക്കിണർ കുഴിക്കാൻ തുടങ്ങിയിരുന്നു.