തമിഴ്നാട്ടിലെ കരൂരിൽ വിജയ്യുടെ റാലിയിൽ തിക്കും തിരക്കും; 38 മരണം
Sunday, September 28, 2025 1:40 AM IST
കരൂര്‍(തമിഴ്നാട്): തമിഴ്നാട്ടില്‍ ചലച്ചിത്രതാരം വിജയ് നയിക്കുന്ന തമിഴക വെട്രികഴകം സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലും മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 38 പേർ മരിച്ചു. പരിക്കേറ്റ 56 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. 16 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണെങ്ങും.
അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ കരൂരില്‍ നടത്തിയ റാലിയാണ് കണ്ണീരില്‍ കുതിര്‍ന്നത്. ഇന്നലെ രാവിലെ 8.45 നു റാലി തുടങ്ങുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്. എന്നാല്‍ ആറു മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. വിജയ് പ്രസംഗം തുടങ്ങിയതോടെ ജനക്കൂട്ടം ആവേശഭരിതരായി.
ഭരണകക്ഷിയായ ഡിഎംകെയെയും പ്രതിപക്ഷമായ എഐഎഡിഎംകെയെയും കടന്നാക്രമിച്ചുള്ള പ്രസംഗം ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്. ഇതിനിടെ ആളുകള്‍ കുഴഞ്ഞുവീഴുന്നുവെന്ന വാർത്തകളും പുറത്തുവന്നു. പല നേതാക്കളും മുന്നറിയിപ്പ് നൽകിയതോടെ പ്രസംഗം നിർത്തിവച്ച വിജയ് കുപ്പിവെള്ളം ജനക്കൂട്ടത്തിന് എറിഞ്ഞുനല്‍കി. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലായിരുന്നു.
ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ആംബുലന്‍സുകള്‍ക്കു പോകാന്‍ വഴിയൊരുക്കുക ഏറെ ശ്രമകരമായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മുപ്പതിനായിരത്തോളം ആളുകള്‍ സമ്മേളനവേദിയില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണക്കുകള്‍.
കര്‍ശന സുരക്ഷയിലാണു റാലി നടത്തുന്നതെന്ന് കഴിഞ്ഞ 20 നു വിജയ് പറഞ്ഞിരുന്നു. അതിന് ഒരാഴ്ച മുമ്പ് തിരുച്ചിറപ്പള്ളിയില്‍ നടന്ന റാലിയില്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനു പിന്നാലെയായിരുന്നു നടന്റെ ഉറപ്പ്.വിജയ്ക്ക് വാഹനത്തില്‍വച്ച് സ്വീകരണം നല്‍കുന്നത് ഒഴിവാക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് നേതൃത്വം അഭ്യര്‍ഥിച്ചിരുന്നു. ഗര്‍ഭിണികളും കുട്ടികളും പ്രായമായവരും സമ്മേളനവേദിയില്‍ എത്തരുതെന്ന അഭ്യര്‍ഥനയും ഉണ്ടായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനും മുന്‍മന്ത്രി സെന്തില്‍ബാലാജിയും കരൂരിലെത്തിയിട്ടുണ്ട്. വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്കാന് നിര്‍ദേശിച്ചുവെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അറിയിച്ചു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഇന്നു പുലര്‍ച്ചെയോടെ അപകടസ്ഥലത്ത് എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
വിജയ്ക്കെതിരേ കേസെടുക്കും
ചെന്നൈ: കരൂരിലെ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ കേസെടുക്കും. പതിനായിരം പേരുടെ റാലിക്കാണ് വിജയ്യുടെ പാർട്ടി പോലീസിന്റെ അനുമതി തേടിയിരുന്നത്. 60,000 ഉൾക്കൊള്ളാവുന്ന സമ്മേളനസ്ഥലത്ത് രണ്ടു ലക്ഷം പേരെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.