വാംഗ് ചുകിനെതിരേ പാക് ബന്ധം ആരോപിച്ച് പോലീസ്
Sunday, September 28, 2025 1:40 AM IST
ലേ: ലഡാക്ക് പ്രക്ഷോഭനേതാവ് സോനം വാംഗ് ചുകിനെതിരേ പാക്കിസ്ഥാൻ ബന്ധം ആരോപിച്ച് പോലീസ്. വാംഗ് ചുകിനെതിരേ അന്വേഷണം നടത്തിവരികയാണെന്ന് ലഡാക്ക് പോലീസ് മേധാവി എസ്.ഡി. സിംഗ് ജാംവാൾ പറഞ്ഞു. നാലുപേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാനവ്യക്തി വാംഗ് ചുകാണെന്നും ജാംവാൾ പറഞ്ഞു.
വാംഗ് ചുകിനെതിരായ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്തായിരുന്നെന്ന് യൂട്യൂബ് പരിശോധിച്ചാൽ മനസിലാകും.
വിദേശ സംഭാവന, എഫ്സിആർഎ ലംഘനം എന്നിവയെക്കുറിച്ച് അദ്ദേഹത്തിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. വാംഗ് ചുകിന്റെ ചില വിദേശ സന്ദർശനങ്ങളും സംശയനിഴലിലാണെന്നും പോലീസ് മേധാവി പറഞ്ഞു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ് സന്ദർശനം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. വാംഗ് ചുക് നടത്തിവന്ന പ്രതിഷേധത്തിന്റെ വീഡിയോകളും ചിത്രങ്ങളും അതിർത്തിക്കപ്പുറത്തേക്ക് അയച്ച പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി നടത്തിയ ആശയവിനിമയവും അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അറസ്റ്റിലായ വാംഗ് ചുക് രാജസ്ഥാനിലെ ജോധ്പുരിലെ ജയിലിലാണുള്ളത്.
ലഡാക്ക് തലസ്ഥാനമായ ലേയിൽ ഇന്നലെ നാലു മണിക്കൂർ കർഫ്യൂവിൽ ഇളവു നല്കി. പ്രദേശവാസികൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിനായിരുന്നു ഇളവ് . ഇന്നലെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പോലീസും പാരാമിലിട്ടറി സേനകളും പട്രോളിംഗ് ഊർജിതമാക്കി.