രണ്ടു വർഷത്തിനിടെ റെയിൽവേയ്ക്കു ലഭിച്ചത് 61 ലക്ഷത്തിലധികം പരാതികൾ
Sunday, September 28, 2025 1:40 AM IST
ന്യൂഡൽഹി: കഴിഞ്ഞ രണ്ടു വർഷത്തിനിടെ ട്രെയിനുകളെയും റെയിൽവേ സ്റ്റേഷനുകളെയും സംബന്ധിച്ച് റെയിൽവേയ്ക്കു ലഭിച്ചത് 61 ലക്ഷത്തിലധികം പരാതികൾ. മധ്യപ്രദേശിലെ സാമൂഹ്യപ്രവർത്തകൻ വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയിൽനിന്നാണ് പരാതികളുടെ കണക്കുകൾ റെയിൽവേ വെളിപ്പെടുത്തിയത്.
2023-24 സാന്പത്തികവർഷം റെയിൽവേയ്ക്ക് 28.96 ലക്ഷം പരാതികളും 2024-25ൽ 32 ലക്ഷം പരാതികളുമാണ് ലഭിച്ചിരിക്കുന്നത്. രണ്ടുവർഷത്തിനിടയിൽ 11 ശതമാനം വർധന. ഇക്കാലയളവിൽ ട്രെയിൻ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ 18 ശതമാനം വർധനയുണ്ടായപ്പോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പരാതികളിൽ 21 ശതമാനം കുറവുണ്ട്. രണ്ടു വർഷത്തിനിടെ സുരക്ഷയെ സംബന്ധിച്ചുള്ള പരാതികളിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്.
സുരക്ഷയെ സംബന്ധിച്ചു 4.57 ലക്ഷം പരാതികളാണ് 2023-24ൽ ഉണ്ടായിട്ടുള്ളതെങ്കിൽ 2024-25ൽ ഇത് 64 ശതമാനം വർധിച്ച് 7.50 ലക്ഷമായി. രണ്ടു വർഷത്തിനിടെ സുരക്ഷയെ സംബന്ധിച്ചു മാത്രം 12.07 ലക്ഷം പരാതികൾ റെയിൽവേയ്ക്ക് ലഭിച്ചുവെന്നും വിവരാവകാശക്കണക്കുകൾ വ്യക്തമാക്കുന്നു.
ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രവർത്തിക്കാതിരിക്കുന്നതിന് രണ്ടു വർഷത്തിനിടെ 8.44 ലക്ഷം പരാതികളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. കോച്ചിലെ വൃത്തിയില്ലായ്മയ്ക്ക് 8.44 ലക്ഷം പരാതികളും ഇക്കാലയളവിൽ ലഭിച്ചു.
വെള്ളത്തിന്റെ ലഭ്യത, സ്റ്റാഫുകളുടെ പെരുമാറ്റം, കാറ്ററിംഗ് സേവനം എന്നിവയ്ക്കു ലഭിച്ച പരാതികളിലും രണ്ടു വർഷത്തിനിടെ വർധനയുണ്ട്. എന്നാൽ ട്രെയിനുകളുടെ കൃത്യനിഷ്ഠയെക്കുറിച്ചുള്ള പരാതികളിൽ രണ്ടു വർഷത്തിനിടെ 15 ശതമാനം കുറവുണ്ട്. 2023-24ൽ 3.25 ലക്ഷം പരാതികൾ ട്രെയിനുകളുടെ കൃത്യനിഷ്ഠയെ സംബന്ധിച്ച് റെയിൽവേയ്ക്കു ലഭിച്ചപ്പോൾ 2024-25ലിത് 2.77 ലക്ഷമായി കുറഞ്ഞു.
റെയിൽ മദദ് ഹെൽപ്ലൈൻ (139) നന്പറിലൂടെയാണ് ഏറ്റവും കൂടുതൽ പരാതികൾ റെയിൽവേയിലേക്ക് എത്തിയിട്ടുള്ളത്.
2024-25ൽ 20 ലക്ഷം പരാതികൾ റെയിൽ മദദ് ഹെൽപ് ലൈനിലൂടെയെത്തിയപ്പോൾ റെയിൽ മദദ് ആപ്പിലൂടെ 4.68 ലക്ഷം പരാതിയും വെബ്സൈറ്റിലൂടെ 4.92 ലക്ഷം പരാതിയും സമൂഹമാധ്യമങ്ങളിലൂടെ 2.12 ലക്ഷം പരാതിയും റെയിൽവേയ്ക്കു ലഭിച്ചു.