രാഹുൽ ഗാന്ധി തെക്കേ അമേരിക്കൻ സന്ദർശനത്തിന് പുറപ്പെട്ടു
Sunday, September 28, 2025 1:40 AM IST
ന്യൂഡൽഹി: ബ്രസീലും കൊളംബിയയുമടക്കം തെക്കേ അമേരിക്കയിലെ നാലു രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഇന്നലെ യാത്ര തിരിച്ചു.
തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ, സർവകലാശാലാ വിദ്യാർഥികൾ, ബിസിനസുകാർ എന്നിവരുമായി രാഹുൽ സംവദിക്കുമെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പ്രചാരണ വകുപ്പിന്റെ ചുമതലയുള്ള പവൻ ഖേര അറിയിച്ചു.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ പുറപ്പെട്ട രാഹുൽ എന്നു മടങ്ങിയെത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ബ്രസീലും കൊളംബിയയും സന്ദർശിക്കുമെങ്കിലും രാഹുൽ സന്ദർശിക്കുന്ന മറ്റു രണ്ടു രാജ്യങ്ങൾ ഏതാണെന്നോ എത്ര ദിവസം അദ്ദേഹം തെക്കേ അമേരിക്കയിൽ ഉണ്ടാകുമെന്നോ ഉള്ള വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.
ചേരിചേരാ പ്രസ്ഥാനത്തിലൂടെയും ആഗോള ഐക്യദാർഢ്യത്തിലൂടെയും ബഹുധ്രുവ ലോകക്രമത്തോടുള്ള പ്രതിബദ്ധതയിലൂടെയും ദീർഘകാലമായി ഇന്ത്യയും ദക്ഷിണ അമേരിക്കയും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.