വെട്രിക്കൊടി താഴുമോ?
Sunday, September 28, 2025 1:40 AM IST
തമിഴക രാഷ്ട്രീയത്തിൽ വെട്രിക്കൊടി ഉയർത്താനാണ് നടൻ വിജയ് ലക്ഷ്യമിട്ടത്. അണ്ണാ ഡിഎംകെ ശിഥിലമായ ശൂന്യതയിൽ ഇരച്ചുകയറി ഡിഎംകെയുടെ അപ്രമാദിത്തം തകർക്കുകയെന്ന മോഹത്തിനാണ് കരൂർ റാലിയിലെ ദുരന്തത്തിലൂടെ തിരിച്ചടിയേറ്റിരിക്കുന്നത്.
തമിഴ്നാട്ടിൽ സിനിമയും രാഷ്ട്രീയവും എക്കാലത്തും അണ്ണനും തമ്പിയുമായിരുന്നു. രണ്ടിനും ഒരേ ചോര. ഒരേ ആവേശം. എംജിആറും ജയലളിതയും കരുണാനിധിയുമൊക്കെ അങ്ങനെയാണ് തമിഴരുടെ ഹൃദയം കീഴടക്കിയത്.
പെരിയാറിന്റെ ദ്രാവിഡ രാഷ്ട്രീയത്തെ അതേ രാഷ്ട്രീയം പറഞ്ഞ് താരങ്ങളും ഏറ്റെടുത്തു. ദ്രാവിഡരാഷ്ട്രീയത്തിന്റെ അടിത്തറയിൽനിന്നുതന്നെയാണ് വിവിധ താരസാമ്രാജ്യങ്ങൾ മാറിമാറി ഭരിച്ചത്. സാധാരണക്കാരെക്കുറിച്ച് പറഞ്ഞ്, അവരുടെ ആവശ്യങ്ങൾക്കൊപ്പം നിന്നുള്ള പോരാട്ടമാണ് തമിഴകം കണ്ടത്. അതിനിടയിൽ ഹിന്ദുവികാരമുണർത്തി നുഴഞ്ഞുകയറാൻ പതിനെട്ടടവും പയറ്റിയിട്ടും ബിജെപിക്കു കഴിഞ്ഞിട്ടില്ല.
ഈയൊരു പശ്ചാത്തലത്തിലാണ് വിജയ്യുടെ രാഷ്ട്രീയപ്രവേശം. ഇടക്കാലത്ത് രജനികാന്തും കമൽഹാസനും കൈവച്ച് പൊള്ളിയ ഇടത്തിലേക്ക്. കൃത്യമായ നിലപാട് ഉയർത്തിപ്പിടിക്കാൻ കഴിയാതെപോയതാണ് രജനികാന്തിനെ പിറകോട്ടടിച്ചത്. ഉലക നായകനാകട്ടെ ‘മക്കൾ നീതി മയ്യ’ത്തിലൂടെ ഏറെ മുന്നേറി. ആൾക്കൂട്ടം ഇരന്പിയെത്തി.
എന്നിട്ടും രാഷ്ട്രീയഭാവി തെളിഞ്ഞില്ല. ഒടുവിൽ ഡിഎംകെയ്ക്കൊപ്പം ചേർന്ന് പാർലമെന്റ് സീറ്റ് വാങ്ങിച്ചെടുത്തെങ്കിലും കമൽ മത്സരിക്കാൻ തയാറായതുമില്ല. പിന്നീട് ഡിഎംകെയുടെ കാരുണ്യത്തിൽ രാജ്യസഭാംഗമായി.
രജനികാന്തിനും കമലിനും പ്രായവും തടസമായിരുന്നു. 51 കാരനായ വിജയ് ചോരത്തിളപ്പോടെ ആരാധകരുടെ ആരവത്തിൽ തമിഴകത്തെ ഇളക്കിമറിക്കാനാകുമെന്ന മോഹത്തിലായിരുന്നു. പണ്ടത്തെപ്പോലെ വെറും താരാരാധകർ മാത്രമല്ല തമിഴ് ജനത. ഉയർന്ന രാഷ്ട്രീയബോധമുള്ളവരുമാണ്. ആ ബോധ്യത്തോടെയാണ് സാധാരണക്കാരുടെ രാഷ്ട്രീയം മുന്നോട്ടുവച്ച് വിജയ് ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടിയുമായി വെട്ടിപ്പിടിക്കാനിറങ്ങിയത്.
സ്വന്തം സിനിമകളിലൂടെ ‘രക്ഷകൻ’ എന്ന ഇമേജാണ് വിജയ് ഉയർത്തിക്കൊണ്ടുവന്നത്. രാഷ്ട്രീയത്തിലിറങ്ങുന്പോൾ തുണയായതും അതുതന്നെ. പുതിയ തലമുറയാണ് വിജയ്യുടെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് തന്റെ പാർട്ടിയുടെ കൊടി അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം, ‘ഒരു പാര്ട്ടിയുടെ കൊടിയെന്നതിലപ്പുറം തമിഴ്നാടിന്റെ വരുംകാല തലമുറയുടെ വിജയത്തിന്റെ അടയാളമായാണ് ഞാനിതിനെ കാണുന്നത്’ എന്നു പറഞ്ഞത്. പുതിയ തലമുറയിൽ വളർന്നുവരുന്നുവെന്നു കരുതുന്ന അരാഷ്ട്രീയബോധത്തെ തനിക്കനുകൂലമാക്കി മാറ്റാനുള്ള വിരുതും വിജയ് കാണിച്ചു.
പരന്പരാഗത രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണെന്ന ടാഗ്ലൈൻ ഉയർത്തിപ്പിടിച്ച് അവരെ നയിക്കുകയെന്ന രാഷ്ട്രീയതന്ത്രം. ഒപ്പം പാവപ്പെട്ടവരുടെ ദൈവമെന്ന വാഴ്ത്തുകളും ചേരുന്പോൾ കാര്യങ്ങൾ സുഗമമാകുമെന്ന് അദ്ദേഹം കരുതി.
തമിഴ് രാഷ്ട്രീയത്തിലെ നിലവിലുള്ള ഹെവിവെയ്റ്റുകൾക്ക് വരുന്ന ഇലക്ഷനിൽ തലവേദനയാകാനിരിക്കെയാണ് അപ്രതീക്ഷിതമായ ദുരന്തം ഇടിവെട്ടുപോലെ ‘ദളപതി’യെ അടിതെറ്റിച്ചിരിക്കുന്നത്.
എതിരാളികളില്ലാതെ അശ്വമേധം നയിക്കുന്ന സ്റ്റാലിൻ പുതിയ സാഹചര്യത്തിൽ കൂടുതൽ കരുത്തനാകുമോ അതോ, തന്റെ സിനിമകളിലേതുപോലെ എല്ലാ തിരിച്ചടികളിൽനിന്നും ഉയിർത്തെഴുന്നേറ്റു വരുന്ന വീരനായകന്റെ പരിവേഷത്തോടെ വിജയ് തിരിച്ചുവരുമോ? കാത്തിരുന്നു കാണാം.