വീരാരാധനയുടെ ദുരന്തം
Sunday, September 28, 2025 1:40 AM IST
ബിജോ ജോ തോമസ്
വീരാരാധനയാണ് തമിഴ്നാടിന്റെ മുഖമുദ്ര. തമിഴക രാഷ്ട്രീയത്തിലും സിനിമയിലുമെല്ലാം ഇതു പ്രകടമാണ്. സിനിമക്കാർ തമിഴ് രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനത്തിന്റെ ഏറ്റവും പുതിയ അടയാളമായി ഒരു തംരംഗം തന്നെ സൃഷ്ടിച്ചായിരുന്നു ദളപതി വിജയ് എന്ന തമിഴ് മക്കൾ വിളിക്കുന്ന വിജയ് ജോസഫിന്റെ രാഷ്ട്രീയ അരങ്ങേറ്റം.
പക്ഷേ ആ വീരാരാധന അതിരുകടന്ന് വൻ ദുരന്തമായി മാറിയപ്പോൾ തമിഴക രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായിരിക്കും. വിജയിന്റെ രാഷ്ട്രീയ പ്രവേശനം ഇന്ത്യൻ രാഷ്ട്രീയരംഗത്ത് വൻ ആകാംക്ഷയാണ് ഉണർത്തിയിരുന്നത്.
സംസ്ഥാനത്ത് സിനിമയും രാഷ്ട്രീയവും തമ്മിൽ ഇഴപിരിഞ്ഞു കിടക്കുന്നു എന്നു പറയുന്പോഴും സമീപകാലത്ത് കമല്ഹാസനുൾപ്പടെ പല വന്പൻമാരും തമിഴക രാഷ്ട്രീയത്തിൽ കാലിടറി വീഴുന്നതും കണ്ടു. അവിടെയാണ് വിജയ് ജനസാഗരങ്ങളെ സാക്ഷിയാക്കി തന്റെ രാഷ്ട്രീയപ്രവേശനം നടത്തിയത്. പക്ഷേ അതൊക്കെയും തകർന്നടിയുമോ എന്നതാണ് ഇനിയുള്ള ചോദ്യം.
എം.ജി. രാമചന്ദ്രനും ജയലളിതയും കരുണാനിധിയുമൊക്കെ തമിഴ് രാഷ്ട്രീയത്തിലെ മുടിചൂടാമന്നന്മാരായി മാറിയത് വീരാരാധനയുടെ ഫലമായി മാത്രമായിരുന്നു. 1949ൽ ഡിഎംകെ എന്ന രാഷ്ട്രീയപാർട്ടി തമിഴകത്ത് രൂപം കൊള്ളുന്പോൾ സിനിമയിലെ വീരനായകന്മാരെ പാർട്ടിയിലെടുത്ത് ജനകീയ അടിത്തറ ശക്തിപ്പെടുത്താമെന്ന ആശയം ആദ്യം കൊണ്ടുവന്നത് സി.എൻ. അണ്ണാദുരൈ ആയിരുന്നു. അക്കാലത്തെ അറിയപ്പെടുന്ന തിരക്കഥാകൃത്തായിരുന്ന അദ്ദേഹം തമിഴരുടെ വീരാരാധന നന്നായി മനസിലാക്കി പ്രവർത്തിച്ചു. അങ്ങനെ കരുണാനിധിയും എം.ജി. രാമചന്ദ്രനുമൊക്കെ പാർട്ടിയിലെത്തി.
തമിഴ് സാമൂഹിക പശ്ചാത്തലത്തെ ഏറെ സ്വാധീനിച്ച ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ കരുണാനിധിയും തമിഴരുടെ ആരാധനാപാത്രമായിരുന്ന എംജിആറും ചേർന്ന് തമിഴക രാഷ്ട്രീയത്തിൽ നടത്തിയ തേരോട്ടമായിരുന്നു പിന്നീട് കണ്ടത്. അക്കാലത്ത് എല്ലാ അർഥത്തിലും തമിഴ് രാഷ്ട്രീയം സിനിമയുമായി ബന്ധപ്പെട്ടായിരുന്നു. ഇതിനിടയിൽ ഒരുപുഴ പോലെ ഒഴുകിയ ഈ വൻ ശക്തികൾ വഴിപിരിഞ്ഞു. എം.ജി.രാമചന്ദ്രൻ എഐഎഡിഎംകെ എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു.
അതോടെ തമിഴക രാഷ്ട്രീയം പുതിയ ദിശയിലേക്കു നീങ്ങി. ഡിഎംകെ-എഐഡിഎംകെ പേരാട്ടമായി തമിഴിന്റെ രാഷ്ട്രീയ ഭൂമിക മാറി. കോൺഗ്രസ് അടക്കം മറ്റുപാർട്ടികൾക്ക് കാര്യമായ റോളില്ലാതായി. എം.ജി. രാമചന്ദ്രന്റെ സിനിമകളിലെ നായികയായിരുന്ന തമിഴ് മക്കൾ ഇദയക്കനി എന്നു വിളിച്ചിരുന്ന ജയലളിത കൂടി രാഷ്ട്രീയത്തിലെത്തിയതോടെ സംസ്ഥാനത്തെ താരരാഷ്ട്രീയം ഏതാണ്ട് പൂർണമായി.
കരുണാനിധിയും എംജിആറും മാറി മാറി ഭരിച്ചിരുന്നപ്പോൾ തന്നെ എല്ലാ രാഷ്ട്രീയ അടിതടവുകളും നന്നായി പഠിച്ച ജയലളിത ഒരു തരംഗം തന്നെ തമിഴകത്ത് സൃഷ്ടിച്ചു. എം.ജി. രാമചന്ദ്രന്റെ മരണവും അനന്തരവകാശിയായി ജയലളിതയുടെ വരവുമൊക്കെ പിന്നെയും രാഷ്ട്രീയത്തെ മാറ്റിമറിച്ചു.
അങ്ങനെ ഒരു സിനിമാനടി മുഖ്യമന്ത്രിക്കസേരയിലെത്തി. എല്ലാ അർത്ഥത്തിലും ജയലളിത തമിഴിന്റെ റാണിയായി മാറി. കേവലം ഒരു സിനിമാനടിക്കപ്പുറം പക്കാ രാഷ്ട്രീയക്കാരിയായും ഭരണാധികാരിയായും ജയലളിത തിളങ്ങി. ജയലളിതയുടെ വിയോഗത്തോടെ എഡിഎംകെ എന്ന രാഷ്ട്രീയ പാർട്ടി തന്നെ തമിഴകത്ത് അപ്രസക്തമാകുന്നുവെന്നത് സമീപകാല ചരിത്രം.
ഇതിനിടയിൽ ഒട്ടേറെ താരങ്ങൾ തമിഴ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ചിറങ്ങിയെങ്കിലും പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ വീരാരാധന നിലനിൽക്കുന്പോൾ തന്നെ എല്ലാവരേയും രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നവരല്ല തമിഴ് മക്കൾ. തമിഴകത്ത് ആരാധകര് ഏറെയുള്ള രജനീകാന്തിന്റെ രാഷ്ട്രീയമോഹങ്ങളൊന്നും ഇതുവരെ ഫലവത്തായിട്ടില്ല. സ്വന്തമായി പാർട്ടിരൂപീകരിച്ച കമല്ഹാസന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
ശിവാജിഗണേശന്, വിജയകാന്ത്, ശരത്കുമാർ, ഖുശ്ബു തുടങ്ങിയവരും രാഷ്ട്രീയത്തിലെത്തിയെങ്കിലും തരംഗമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയാണ് വിജയിന്റെ പ്രസക്തി. ജയലളിതയ്ക്കുശേഷം തിരശീലയിൽ മുഖം കാണിച്ച ഒരാൾ മുഖ്യമന്ത്രി പദവിയിലെത്തുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. താരാരാധന സൃഷ്ടിച്ച ദുരന്തഭുമികയിൽ തമിഴകം വിറങ്ങലിച്ചു നില്ക്കുന്പോൾ വരുംനാളുകൾ അതിനുത്തരം നല്കും.