കത്തിക്കയറി വിജയ്; കുഴഞ്ഞുവീണ് ആരാധകർ
Sunday, September 28, 2025 1:40 AM IST
കരൂർ: കരൂരിലെ റാലിയിൽ ഡിഎംകെ സർക്കാരിനെയും പ്രതിപക്ഷമായ എഐഎഡിഎംകെയെയും രൂക്ഷമായി വിമർശിച്ച് വിജയ് കത്തിക്കയറുമ്പോൾ ആരാധകർ കുഴഞ്ഞുവീഴുകയും മരണാസന്നരാകുകയും ചെയ്തു. കുഴഞ്ഞുവീഴുന്നവരെ ആൾക്കൂട്ടത്തിൽനിന്നു പുറത്തെത്തിക്കാനോ ആശുപത്രിയിലേക്കു മാറ്റാനോ കഴിയാത്തരീതിയിലായിരുന്നു ബാഹുല്ല്യം.
നിയമസഭയിലേക്കുള്ള പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലാണെന്ന് അവകാശപ്പെട്ട വിജയ്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിയുടെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ആരോപിച്ചാണ് പ്രസംഗത്തിനിു മൂർച്ചകൂട്ടിയത്.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ജനാവലിയോട് വിജയ് സംസാരിച്ചത്. ഡിഎംകെയെപ്പോലെ കപടമായ വാഗ്ദാനങ്ങൾ നൽകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഡിഎംകെ കുടുംബത്തിന് ബിജെപിയുമായി രഹസ്യധാരണയുണ്ട്. അതിനാൽ ഡിഎംകെയ്ക്കു വോട്ട് ചെയ്യുന്നത് ബിജെപിക്കു വോട്ടുചെയ്യുന്നതുപോലെയാണെന്ന് വിജയ് പറഞ്ഞു.
പ്രതിപക്ഷത്തെയും വിജയ് രൂക്ഷമായി വിമർശിച്ചു. മുൻ മുഖ്യമന്ത്രി ജയലളിത പറഞ്ഞതൊക്കെ എഐഎഡിഎംകെയിലെ നേതാക്കൾ മറുന്നു.
അവസരവാദ നിലപാടിന്റെ ഫലമാണ് ബിജെപി-എഐഎഡിഎംകെ കൂട്ടുകെട്ട്. ടിവികെ അധികാരത്തില്‍ വരുമ്പോള്‍ അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കും പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടും.
ഡിഎംകെ തമിഴ്നാടിനെ കൊള്ളയടിക്കുമ്പോള്‍ ടിവികെ സാധാരണക്കാരുടെ ശബ്ദമായി മാറുകയാണ്. വിജയ് ആവേശത്തില്‍ കത്തിക്കയറുമ്പോള്‍ ജനക്കൂട്ടം നിലവിളിക്കുകയും മരണവെപ്രാളത്തിൽ തിക്കും തിരക്കും കൂട്ടുകയായിരുന്നു. നിരവധിപ്പേർ ചവിട്ടേറ്റു വീണു. ഒടുവില്‍ പ്രസംഗം പൂർത്തിയാക്കാൻ കഴിയാതെ വിജയ്ക്ക് രംഗം വിടേണ്ടി വന്നു.