ആർഎസ്എസിനെ പ്രകീർത്തിച്ച് മോദി
സ്വന്തം ലേഖകൻ
Monday, September 29, 2025 2:03 AM IST
ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ ആർഎസ്എസിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയദശമി ദിനത്തിൽ ആർഎസ്എസ് ശതാബ്ദിയിലെത്തും. ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ പ്രചാരകനായി പ്രവർത്തിച്ച ആർഎസ്എസ് തന്റെ രാഷ്ട്രീയജീവിതത്തിൽ വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
നൂറു വർഷംമുന്പ് ആർഎസ്എസ് സ്ഥാപിതമായപ്പോൾ നൂറ്റാണ്ടുകളായി രാജ്യം അടിമത്തത്തിന്റെ ചങ്ങലകളാൽ ബന്ധിതമായിരുന്നു. നൂറ്റാണ്ടുകളായി നീണ്ട അടിമത്തം രാജ്യത്തിന്റെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും മുറിവേൽപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം അതിനെ ബൗദ്ധിക അടിമത്തത്തിൽനിന്ന് മോചിപ്പിക്കേണ്ടതു പ്രധാനമായിരുന്നു. ഈ സമയത്താണ് ഡോ. ഹെഡ്ഗേവാർ 1925ലെ വിജയദശമിദിനത്തിൽ ആർഎസ്എസ് സ്ഥാപിച്ചതെന്നും മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ബിജെപിയും ആർഎസ്എസും തമ്മിൽ ഭിന്നതയിലാണെന്ന പ്രതിപക്ഷത്തിന്റെ തുടരെയുള്ള ആരോപണങ്ങൾക്കു നടുവിലാണ് മോദിയുടെ പ്രശംസ. ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഇതുവരെയും തെരഞ്ഞെടുക്കാൻ സാധിക്കാത്തതിന്റെ കാരണം പാർട്ടിയും ആർഎസ്എസും തമ്മിലുള്ള ഭിന്നതയാണെന്നാണു പ്രതിപക്ഷ വാദം. പൊതുതെരഞ്ഞെടുപ്പിനുശേഷം ഈ വർഷം ആദ്യം നാഗ്പുർ സന്ദർശിച്ച പ്രധാനമന്ത്രി ‘ഭാരതസംസ്കാരത്തിന്റെ വടവൃക്ഷം’ എന്നാണ് ആർഎസ്എസിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സർക്കാർ ഇതര സംഘടനയാണ് (എൻജിഒ) ആർഎസ്എസ് എന്നും മോദി പറഞ്ഞിരുന്നു.
അതേസമയം, നൂറാം വാർഷികാഘോഷത്തിനു മുന്നോടിയായി ആർഎസ്എസിന്റെ പേരിൽ സ്റ്റാന്പും നാണയവും കേന്ദ്രസർക്കാർ പുറത്തിറക്കും. ഒക്ടോബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഇവ രണ്ടും പ്രകാശനം ചെയ്യുമെന്നാണു സൂചന. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയും ചടങ്ങിൽ പങ്കെടുത്തേക്കും. ആർഎസ്എസിന്റെ പേരിലുണ്ടായിരുന്ന സ്റ്റാന്പ് മുൻകൂട്ടി തയാറാക്കിയ പട്ടികയിൽ ഉണ്ടായിരുന്നില്ല.