വിദ്യാർഥിനികളുടെ പീഡനപരാതി : ‘ആത്മീയ’ നേതാവ് സ്വാമി ചൈതന്യാനന്ദ അറസ്റ്റിൽ
സ്വന്തം ലേഖകൻ
Monday, September 29, 2025 2:03 AM IST
ന്യൂഡൽഹി: ലൈംഗികപീഡന പരാതിയെത്തുടർന്ന് ഒളിവിൽ പോയ ‘ആത്മീയ’ നേതാവും ഡൽഹിയിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് റിസർച്ചിന്റെ മുൻ ഡയറക്ടറുമായ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലെ ഒരു ഹോട്ടലിൽനിന്ന് ഇന്നലെ പുലർച്ചെ 3.30നാണ് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
സ്ഥാപനത്തിൽ സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന 17ലധികം വിദ്യാർഥിനികൾക്ക് അനാവശ്യ സന്ദേശങ്ങൾ അയയ്ക്കുക, ഭീഷണിപ്പെടുത്തുക, ലൈംഗികചൂഷണം തുടങ്ങിയ കുറ്റങ്ങളാണ് സ്വാമിക്കെതിരേ ചുമത്തിയിരിക്കുന്നത്. കൂടാതെ, സാന്പത്തികതട്ടിപ്പ് നടത്തിയതായും എഫ്ഐആറിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാമിയുടെ ഭീഷണിയും പീഡനവും സഹിക്കാതെ പഠനം ഉപേക്ഷിക്കേണ്ടിവന്നതായും ചില വിദ്യാർഥിനികൾ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഒരു വിദ്യാർഥിനി സ്ഥാപനത്തിനു നൽകിയ പരാതിക്കു പിന്നാലെ, വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥ അയച്ച ഇ-മെയിൽ സന്ദേശത്തെ തുടർന്നാണ് സ്വാമിക്കെതിരേ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പോലീസിൽ പരാതി നൽകിയത്. വ്യോമസേനയിലെ ഉദ്യോഗസ്ഥരുടെ മക്കളും ബന്ധുക്കളും ഈ സ്ഥാപനത്തിലെ വിദ്യാർഥികളാണ്.
പരാതിയെത്തുടർന്ന് സ്ഥാപനാധികൃതർ വിദ്യാർഥികളുമായി ഓണ്‍ലൈൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് കൂടുതൽ പേർ പരാതിയുമായി രംഗത്തു വന്നത്. പ്രതിഷേധിച്ച വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും കുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നുണ്ട്.
ആരോപണങ്ങൾ പുറത്തുവന്നതോടെ ഡയറക്ടർ സ്ഥാനത്തുനിന്നു സ്വാമിയെ നീക്കംചെയ്തു. തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. എന്നാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഹോസ്റ്റലിൽ പെണ്‍കുട്ടികളുടെ ശുചിമുറികളിൽ രഹസ്യക്യാമറ സ്ഥാപിച്ചിരുന്നതായും ദൃശ്യങ്ങൾ സ്വാമിയുടെ ഫോണിൽ ലഭ്യമായിരുന്നു എന്നും പോലീസ് കണ്ടെത്തി. വിദ്യാർഥികളുടെ ഫോണുകൾ പോലീസ് ഫോറൻസിക് വിഭാഗത്തിനു കൈമാറിയിട്ടുണ്ട്.
രാത്രികളിൽ ചൈതന്യാനന്ദയുടെ താമസസ്ഥലത്തേക്കു പോകാൻ പെണ്‍കുട്ടികളെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ ഉൾപ്പെടെ നിർബന്ധിച്ചതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.