ഗൂഢാലോചനയെന്ന് ടിവികെ, ഒളിച്ചോടിയെന്ന് ഡിഎംകെ
Monday, September 29, 2025 2:03 AM IST
ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന ആരോപണവുമായി ടിവികെ. ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ടിവികെ അഭിഭാഷകന് അറിവഴകന് പറഞ്ഞു. അതല്ലെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസിയായ സിബിഐക്കു കൈമാറണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും അറിവഴകൻ വാദിക്കുന്നു.
തമിഴ്നാട് പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. ഗൂഢാലോചന നടന്നുവെന്നതിനു വിശ്വസനീയമായ തെളിവുകള്‍ പ്രദേശവാസികളില്‍നിന്നു ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. കരൂരിലെ ഡിഎംകെ ഭാരവാഹികള്‍ക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ടിവികെ അഭിഭാഷകൻ വെളിപ്പെടുത്തി.
അതേസമയം, ആരോപണങ്ങൾ ഡിഎംകെ നേതൃത്വം പൂർണമായും തള്ളിക്കളയുകയാണ്. സംഭവം രാഷ്ട്രീയവത്കരിക്കാനില്ലെന്നാണ് ഡിഎംകെ വക്താവ് ഡോ. സയ്യിദ് ഹഫീസുള്ളയുടെ നിലപാട്. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും ഡിഎംകെ വക്താവ് വിശദീകരിച്ചു. ഒളിച്ചോടില്ലെന്നാണ് ഡിഎംകെ നേതാവ് കനിമൊഴി എംപി പ്രതികരിച്ചത്. ദുരന്തത്തിനു പിന്നാലെ വിജയ് വിമാനമാർഗം ചെന്നൈയിലേക്കു കടക്കുകയും മൗനം തുടരുകയും ചെയ്യുന്നത് ലക്ഷ്യമിട്ടായിരുന്നു കനിമൊഴിയുടെ അഭിപ്രായ പ്രകടനം.
എന്തായാലും വിജയ്യുടെ രാഷ്ട്രീയഭാവിയെത്തന്നെ ചോദ്യംചെയ്യുന്ന പ്രചാരണമാണു സമൂഹമാധ്യമങ്ങളിൽ തുടരുന്നത്. ദുരന്തമുണ്ടായതിനു പിന്നാലെ വിജയ് ചെന്നൈയ്ക്കു മടങ്ങിയതാണു പ്രകോപനത്തിനു കാരണം. തിരുച്ചി വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കാനും വിജയ് തയാറായില്ല.
സിനിമയും ജീവിതവും തമ്മിലുള്ള വ്യത്യാസം വിജയ് മനസിലാക്കണമെന്നും ഓരോ ജീവനും നഷ്ടപ്പെട്ടതിനു കാരണക്കാരന്‍ വിജയ് ആണെന്നും ഡിഎംകെ വക്താവ് സേലം ധരണീധരന്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. നാമക്കലില്‍ രാവിലെ എട്ടേമുക്കാലിനു യോഗം നടക്കുമെന്നാണു പറഞ്ഞത്. എന്നാല്‍ ഈ മാന്യന് ആ സമയത്താണു യാത്ര പുറപ്പെട്ടതുതന്നെ. നാമക്കലില്‍ നാലു മണിക്കൂര്‍ വൈകിയെത്തി. കൊടുംവെയിലിൽ ഭക്ഷണംപോലും ഇല്ലാതെ ആളുകൾ കാത്തിരുന്നതാണു ദുരന്തകാരണം - ധരണീധരന്‍ കുറ്റപ്പെടുത്തി.
ഐപിഎൽ വിജയിച്ചതിനു പിന്നാലെ ബംഗളൂരുവിൽ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ അപകടമുണ്ടായപ്പോള്‍ വിരാട് കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്നു പലരും ആവശ്യപ്പെട്ടു. അതുപോലെ ഇവിടെ വിജയ്യെ അറസ്റ്റ്ചെയ്യണം - സമൂഹമാധ്യമത്തിൽ ഒരാൾ കുറിച്ചു.