കരൂർ ദുരന്തം: നിഗമനങ്ങള്‍ നിരവധി
Monday, September 29, 2025 2:03 AM IST
കരൂര്‍: റാലി നടന്ന കരൂരിലേക്ക് നടന് വിജയ് എത്താന്‍ ഏഴു മണിക്കൂറോളം വൈകിയത് ഉള്‍പ്പെടെ നിരവധി വസ്തുതകളാണു ദുരന്തത്തിനു കാരണമായി തമിഴ്നാട് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. നടന് വൈകിയതോടെ തിക്കും തിരക്കും നിയന്ത്രണാതീതമായെന്ന് ഡിജിപി ജി. വെങ്കിട്ടരാമന് പറഞ്ഞു.
ഉച്ചയ്ക്ക് 12ഓടെ വിജയ് എത്തുമെന്ന് സമൂഹമാധ്യമത്തിലൂടെ ടിവികെ നേതൃത്വം അറിയിച്ചിരുന്നു. ഇതോടെ സമീപപ്രദേശങ്ങളില്‍നിന്നു വാഹനങ്ങളിലും മറ്റുമായി ആളുകള്‍ കരൂരിലേക്ക് ഒഴുകി. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പത്തു വരെയായിരുന്നു റാലിക്ക് അനുവദിച്ചിരുന്ന സമയം. പതിനായിരംപേരെയാണു സംഘാടകര്‍ പ്രതീക്ഷിച്ചതെങ്കിലും മുപ്പതിനായിരത്തോളം ആളുകള്‍ തടിച്ചുകൂടി - ഡിജിപി പറഞ്ഞു.
റാലിക്കുവേണ്ടി 500 പോലീസുകാരെ വിന്യസിച്ചിരുന്നുവെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എസ്. ഡേവിഡ്സൺ ദേവാശിർവാദം പറഞ്ഞു. റാലിക്കിടെ ഒരു വിഭാഗം കല്ലേറ് നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഉച്ചയ്ക്കു പന്ത്രണ്ടിനു മുന്‍പേ വലിയ തോതിൽ ആളുകളെത്തി. പലരും ഉച്ചഭക്ഷണവും വെള്ളവും കഴിച്ചിരുന്നില്ല. ഇവ വിതരണം ചെയ്യാൻ സംഘാടകർ തയാറായതുമില്ല.
വൈകുന്നേരം 4.15ന് നാമക്കലിൽനിന്നു തിരിച്ച വിജയ് ആറോടെയാണു കരൂരിലെത്തിയത്. 30 മിനിറ്റുകൊണ്ട് എത്താവുന്ന ദൂരം താണ്ടാൻ രണ്ടു മണിക്കൂർ വേണ്ടിവന്നത് വഴിനീളെയുള്ള തിരക്കു വ്യക്തമാക്കുന്നു. യാത്രയ്ക്കിടെ കാരവനില്‍നിന്ന് വിജയ് ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു. എന്നാൽ ഇതിനായി സജ്ജീകരിച്ച ,മുകളിലേക്കു തുറക്കുന്ന വാതില്‍ പിന്നീട് അടച്ചു. ഇതോടെ നടനെ കാണാനായി ആളുകൾ വാഹനത്തിൽ പിന്തുടർന്നു.
കരൂർ ലൈറ്റ്ഹൗസ്-റൗണ്ടെബൗട്ട് ജംഗ്ഷനിൽ അനുമതി ആവശ്യപ്പെട്ടാണ് ടിവികെ നേതൃത്വം ആദ്യം പോലീസിനെ സമീപിച്ചത്. എന്നാൽ, ആളുകൾ കൂട്ടംകൂടിയാൽ വലിയ അപകടമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു. ദുരന്തദിവസം അനുവദിക്കപ്പെട്ട വേദിക്ക് അന്‍പത് മീറ്റർ അകലെ വാഹനമെത്തിയതോടെ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വിജയിനെ സമീപിച്ചിരുന്നു. അവിടെവച്ച് ജനക്കൂട്ടത്തോട് സംസാരിക്കാൻ നിർദേശിച്ചുവെങ്കിലും, തിരക്ക് വകഞ്ഞുമാറ്റി നേരത്തേ തീരുമാനിച്ച വേദിയിലേക്ക് ടിവികെ നേതാക്കൾ നീങ്ങുകയായിരുന്നു എന്നും പോലീസ് പറയുന്നു.
ദുരന്തത്തിൽ ബലിയായി പത്ത് കുരുന്നുകൾ
കരൂര്‍: സിനിമയുടെയും രാഷ്ട്രീയത്തിന്റെ അടിയൊഴുക്കു രൂപപ്പെടുത്തിയ കരൂര്‍ ദുരന്തത്തില്‍ ബലിയായി പത്തു കുരുന്നുജീവിതങ്ങളും. 40 പേരുടെ ജീവനപഹരിച്ച ദുരന്തത്തില്‍ രണ്ടു വയസുള്ള ഗുരു വിഷ്ണു ഉള്‍പ്പെടെ പത്തു കുരുന്നുകളുടെ മരണം തമിഴ്നാടിനു തീരാക്കണ്ണീരായി. ഗുരുവിഷ്ണുവിനു പുറമേ ഹേമലത (എട്ട്), സെലസ്റ്റീന (എട്ട്), സായി ജീവ (നാല്), സഞ്ജു (13), ധരണിക (14), പഴനിയമ്മാള്‍ (11), കോകില (14), കൃതിക് (ഏഴ്), കിഷോര്‍ (17) എന്നീ കുട്ടികളുമാണ് മരിച്ചത്.
ഇതിനു പുറമേ മരണടഞ്ഞവരില് ഏറെയും സ്ത്രീകളും 20നും 30നും ഇടയിലുള്ള പുരുഷന്മാരുമാണ് എന്നതും ദുരന്തത്തിനു കാരണം കണ്ണില്ലാത്ത താരാരാധനയാണെന്നു വ്യക്തമാക്കുകയാണ്.