സമദൂര സിദ്ധാന്തം കോണ്‍ഗ്രസ് നയം: ചെറിയാൻ ഫിലിപ്പ്
Monday, September 29, 2025 4:20 AM IST
തിരുവനന്തപുരം: ജാതി-മത വിഭാഗങ്ങളുമായി സമദൂരം പാലിക്കുകയെന്ന സിദ്ധാന്തം ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽ കോണ്‍ഗ്രസിന്റെ മൗലിക നയമാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
സമുദായ സമനീതി എന്ന മതേതര വീക്ഷണമാണ് കോണ്‍ഗ്രസിന്റെ ആശയം. ജാതി-മത വിഭാഗങ്ങളുമായി സഹവർത്തിത്വം പുലർത്തുന്നതും അവർക്കെല്ലാം സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതുമാണ് കോണ്‍ഗ്രസിന്റെ ശരി ദൂരം. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ദേശീയ തലത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഒരുപോലെ എതിർക്കുന്നു.
വർഗീയ, വിഘടന ശക്തികളുമായി സന്ധി ചെയ്യാത്തതുകൊണ്ടാണ് മഹാത്മാ ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവർക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്. വർഗീയപ്രീണനത്തിന്റെ ഭാഗമായാണ് എൽഡിഎഫ് സർക്കാർ അയ്യപ്പസംഗമം സംഘടിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻതോതിൽ നഷ്ടപ്പെട്ട ഹിന്ദുവോട്ട് നേടുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും ചെറിയാൻ പ്രസ്താവനയിൽ അറിയിച്ചു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവന ഹിന്ദു, ക്രിസ്ത്യൻ വർഗീയപ്രീണനം ലക്ഷ്യമാക്കിയാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം ഉപേക്ഷിച്ച സിപിഎം ഇപ്പോൾ വർഗസമരത്തിലല്ല, വർഗീയ സമരത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.