സ്കൂട്ടർ യാത്രക്കാരിയെ ബൈക്കിടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ
Monday, September 29, 2025 4:20 AM IST
വടക്കഞ്ചേരി: ജോലികഴിഞ്ഞ് അർധരാത്രി സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന മുപ്പതുകാരിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സിസിടിവിയുടെ സഹായത്തോടെ പോലീസ് പിടികൂടി.
പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു(25)വിനെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 23ന് അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു ആദ്യം കുടിക്കാൻ വെള്ളം ചോദിച്ചു.
പന്തികേടു തോന്നിയ യുവതി സ്കൂട്ടർ വേഗത്തിൽ ഓടിച്ചുപോയി. പിറകെയെത്തി ബൈക്കുകൊണ്ട് സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയ വിഷ്ണു ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ബഹളംവച്ചതോടെ വിഷ്ണു രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വടക്കഞ്ചേരി പോലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവാവിനെ തിരിച്ചറിഞ്ഞിരുന്നു. പിന്നീടാണു പിടികൂടിയത്. ഇയാൾ മുൻപ് എറണാകുളത്ത് പോക്സോ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.