പ്ലാന്റ് ക്വാറന്റൈൻ നിയമത്തിന് പുഴുക്കുത്ത് ; വിദേശ രോഗങ്ങൾ കേരളത്തെ കീഴടക്കുന്നു
Tuesday, September 30, 2025 2:00 AM IST
വൈ.എസ്. ജയകുമാർ
കണ്ണൂർ: പ്ലാന്റ് ക്വാറന്റൈൻ നിയമം നടപ്പാക്കുന്നതിലെ പോരായ്മ കേരളത്തെ വിദേശ രോഗങ്ങളുടെ ഈറ്റില്ലമാക്കുന്നു. റബർ, തെങ്ങ്, കാപ്പി, ഓയിൽ പാം, പച്ചക്കറി, മുല്ല എന്നിവയ്ക്കെല്ലാം വ്യാപകമായ നാശം സൃഷ്ടിക്കുന്ന രീതിയിലാണ് ഈ രോഗങ്ങളുടെ കടന്നാക്രമണം.
2003ലെ ക്വാറന്റൈൻ നിയമ പ്രകാരം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ചെടികൾ, വിത്തിനങ്ങൾ എന്നിവ 41 ദിവസം കരുതലിൽ വയ്ക്കുകയും രോഗമില്ലാത്തവയാണന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. എന്നാൽ നിയമം കർശനമായി നടപ്പാക്കുന്നതിലെ അപാകതയാണ് പ്രശ്നങ്ങൾക്കു കാരണം. പരിശോധനകൾക്കും സാക്ഷ്യപ്പെടുത്തലിനും ആവശ്യമായ ജീവനക്കാരെ നിയോഗിക്കാത്തതാണ് പ്രതിസന്ധി.
കൃഷിവകുപ്പിന്റെ ഫാമുകൾ പലതും ഭാഗികമായി പ്രവർത്തനം നിലയ്ക്കുകയും മറ്റു പണിയൊന്നുമില്ലാതെ ഉദ്യോഗസ്ഥർ നിലനില്ക്കുകയും ചെയ്യുന്പോഴും ക്വാറന്റൈൻ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നില്ലെന്നതാണ് വിരോധാഭാസം.
റബറിലെ പൊടിക്കുമിൾ രോഗം, തെങ്ങിലെ വെള്ളീച്ച, മണ്ഡരി തുടങ്ങിയവ വിദേശത്തു നിന്നെത്തി കേരളത്തിലെ കൃഷിയെ തകർത്തുകൊണ്ടിരിക്കുന്ന രോഗകീടങ്ങളാണ്. പപ്പായയിലെ മീലിമുട്ട, കാപ്പിയിലെ കായ്തുരപ്പൻ, പരുത്തിയിലെ മീലിമുട്ട, ആഫ്രിക്കൻ പട്ടാളപ്പുഴു തുടങ്ങിയവയും കടൽ കടന്നെത്തിയ രോഗങ്ങളാണ്. പേരയിലെ എമറ്റോ, നിമാവിര രോഗങ്ങളും വിദേശത്തു നിന്നെത്തിയതാണ്. ആന്ധ്രയിലെ കടിയന്നൂരിലെ നഴ്സറികളിൽനിന്ന് കേരളത്തിലേക്ക് ഈ രോഗം എത്തിയതായാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
കേരളത്തിലെ തെങ്ങുകളെ ആക്രമിക്കുന്ന പ്രധാന കീടമായ വെള്ളീച്ചകൾ മധ്യ അമേരിക്ക, വടക്കൻ അമേരിക്ക എന്നിവിടങ്ങളിൽനിന്ന് 2016ൽ തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ പ്രത്യക്ഷപ്പെട്ടതാണ്. തമിഴ്നാട്ടിൽനിന്ന് കേരളത്തിൽ എത്തിച്ച തെങ്ങിൻ തൈകൾ മുഖേന രോഗം വ്യാപിക്കുകയായിരുന്നു. വിദേശ തെങ്ങ് രോഗങ്ങളിൽ കേരളത്തിൽ എത്തിച്ചേരാത്തത് കടാങ് കടാങ് രോഗമാണ്.
തെങ്ങിനെ ബാധിച്ചാൽ പെട്ടെന്ന് ഉണങ്ങി നശിച്ചുപോകും. കടാങ് കടാങ് വൈറസ് രോഗം ഫിലിപ്പീൻസ്, ഇന്തോനേഷ്യ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകഴിഞ്ഞു. ശ്രീലങ്കയിൽ നിന്നുള്ള നടീൽ വസ്തുക്കൾ കേരളത്തിലേക്ക് എത്തിക്കാനുള്ള നിയന്ത്രണം കാരണം കടാങ് കടാങ് രോഗത്തെ തടയാൻ കഴിയുന്നതായി കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. റജി ജേക്കബ് തോമസ് പറയുന്നു.
വിദേശ രാജ്യ പുല്ലിനങ്ങളും കേരളത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. ക്ഷീര വികസനവകുപ്പു വഴി വിതരണം ചെയ്യുന്നതും 45 ദിവസത്തിനുള്ളിൽ ഒരാൾ പൊക്കത്തിൽ വളർന്നു പന്തലിച്ച് കാടായി മാറുകയും ചെയ്യുന്ന പുല്ലിനങ്ങളിലൂടെ വിവിധ ഫംഗസുകളും ഇലച്ചാടി വർഗങ്ങളും പെറ്റുപെരുകുന്നു. പുൽകൃഷി പ്രദേശത്തിനു സമീപത്തെ പച്ചക്കറി കൃഷിയെ ഇത് കാര്യമായി ബാധിക്കുന്നു.
വിദേശത്തേക്ക് നിയന്ത്രണം
ക്വാറന്റൈൻ നിയമം കർശനമായി നടപ്പാക്കുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്നുള്ള ചെടികൾ, നടീൽ വസ്തുക്കൾ, കശുവണ്ടി പരിപ്പ് ചേർത്ത ബേക്കറി ഭക്ഷണ ഇനങ്ങൾ എന്നിവ പോലും പ്രവേശിപ്പിക്കില്ല. അതിനാൽ പോകുന്ന രാജ്യങ്ങളിലെ ക്വാറന്റൈൻ നിയമം മനസിലാക്കി ബേക്കറി വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണ പദാർഥങ്ങൾ കൊണ്ടുപോയില്ലെങ്കിൽ വിമാനത്താവളത്തിൽ പിടിച്ചെടുത്ത് നശിപ്പിക്കും.