കരൂർ ദുരന്തം: വിജയ്ക്കെതിരേ ഗുരുതര പരാമർശം
Tuesday, September 30, 2025 2:02 AM IST
ചെന്നൈ: കരൂർ ദുരന്തത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിൽ, ടിവികെ അധ്യക്ഷൻ നടൻ വിജയ്ക്കെതിരേ ഗുരുതര ആരോപണം. വിജയ് റാലിക്കെത്താൻ മനഃപൂർവം വൈകിയെന്ന് എഫ്ഐആറിലുണ്ട്.
“ദുരന്തമുണ്ടായ വേലുസ്വാമിപുരത്ത് എത്തുന്നതിനു മുന്പ് അനുമതിയില്ലാതെ വിവിധ സ്ഥലങ്ങളിൽ വിജയ് റോഡ്ഷോ നടത്തി. വേലുസ്വാമിപുരത്ത് തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കാത്ത ടിവികെ നേതാക്കൾ പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചു.
വിജയ്യെ കാണാനെത്തിയവർ തകരഷീറ്റിന്റെയും ദുർബലമായ മരച്ചില്ലകളുടെയും മുകളിൽ കയറി താഴേക്കു പതിച്ചു. ഇതോടെ അസാധാരണമായ സ്ഥിതിവിശേഷമുണ്ടായി. വൻ ജനക്കൂട്ടമെത്തിയതിൽ ടിവികെ നേതാക്കൾക്ക് ഡിഎസ്പി മുന്നറിയിപ്പ് നല്കിയിരുന്നു. തകരഷീറ്റിന്റെയും മരത്തിന്റെയും മുകളിൽ കയറിയവരെ നിയന്ത്രിക്കാൻ നേതാക്കൾക്കായില്ല.
കുടിവെള്ളത്തിന്റെ അഭാവവും ജനബാഹുല്യവുകാരണം ആളുകൾ ക്ഷീണിതരായി. പ്രദേശത്ത് വൈദ്യസഹായത്തിനു സംവിധാനമുണ്ടായിരുന്നില്ല’’ -എഫ്ഐആറിൽ പറയുന്നു
ജനക്കൂട്ടത്ത ആകർഷിക്കാനും ടിവികെ പാർട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ്ഷോ നടത്തിയതെന്നും എഫ്ഐആറിലുണ്ട്.
അതേസമയം, വിജയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ടിവികെ കരൂർ നോർത്ത് ജില്ലാ സെക്രട്ടറി മതിയഴകൻ, ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിർമൽകുമാർ എന്നിവരുടെ പേരാണ് എഫ്ഐആറിലുള്ളത്.
കരൂർ അപകടത്തിൽ മരണം 41 ആയി. അറുപതുകാരിയാണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്. ഇതോടെ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി. ഇതുകൂടാതെ പത്തു കുട്ടികളും 13 പുരുഷന്മാരുമാണു മരിച്ചത്.
ഇതിനിടെ, ദുരന്തമുണ്ടായ കരൂർ സന്ദർശിക്കരുതെന്ന് വിജയിനോട് പോലീസ് ആവശ്യപ്പെട്ടുവെന്ന് ടിവികെ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതുവകവയ്ക്കാതെ കരൂർ സന്ദർശിക്കാൻ വിജയ് നീക്കമാരംഭിച്ചു. സന്ദർശനത്തിന് പോലീസും ജില്ലാ ഭരണകൂടവും തടസം നിൽക്കരുതെന്നാവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. പണയൂരിലെ വീട്ടിലായിരുന്ന വിജയ് ഇന്നലെ രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്കു മാറി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കരൂർ ദുരന്തത്തെക്കുറിച്ച് ടെലിഫോണിൽ സംസാരിച്ചു. നടൻ വിജയിനെ രാഹുൽ ടെലിഫോണിൽ വിളിച്ച് അനുയായികളുടെ മരണത്തിൽ അനുശോചനം അറിയിച്ചു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ കരൂരിൽ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. അപകടസ്ഥലവും മന്ത്രി സന്ദർശിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റീസ് (റിട്ട.) അരുണ ജഗദീശൻ ഇന്നലെ കരൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ മൊഴിയെടുത്തു.
കരൂർ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എട്ടംഗ എൻഡിഎ എംപിമാരുടെ സംഘത്തിന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ രൂപം നല്കി. ബിജെപി, ടിഡിപി, ശിവസേന (ഷിൻഡെ) എംപിമാരാണു സംഘത്തിലുള്ളത്. നടിയും ബിജെപി എംപിയുമായ ഹേമമാലിനിയാണ് എൻഡിഎ സംഘത്തിന്റെ കൺവീനർ. തമിഴ്നാട്ടുകാരിയാണ് ഹേമമാലിനി.
മതിയഴകൻ അറസ്റ്റിൽ

കരൂർ ദുരന്തത്തിൽ ടിവികെ നേതാവ് മതിയഴകനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇയാള അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റാണിത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകളാണ് മതിയഴകനെതിരേ ചുമത്തിയിരിക്കുന്നത്.