ജെഡിയു, ബിജെപി നേതാക്കൾ അഴിമതിക്കാരെന്ന് കിഷോർ
Tuesday, September 30, 2025 2:01 AM IST
ന്യൂഡൽഹി: ബിഹാറിൽ ജെഡിയു, ബിജെപി നേതാക്കൾ അഴിമതിയിലൂടെ വൻതോതിൽ പണവും ആസ്തികളും സന്പാദിച്ചുവെന്ന് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ.
ജെഡിയു നേതാവ് അശോക് ചൗധരി 200 കോടി രൂപയുടെ സ്വത്ത് സന്പാദിച്ചുവെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്നു കിഷോർ പറഞ്ഞു.
ചൗധരിക്കെതിരായ തെളിവുകൾ വൈകാതെ പുറത്തുവിടും. തന്റെ ഭൂസ്വത്തിന്റെ രേഖകൾ കാണിച്ചാൽ ജൻ സുരാജ് പാർട്ടിയുടെ അടിമയാകാമെന്നാണ് ചൗധരി വെല്ലുവിളിച്ചത്. ജൻ സുരാജിന്റെയല്ല, ബിഹാറിലെ ജനങ്ങളുടെ അടിമയാകാൻ അദ്ദേഹം തയാറാകൂ, രാജിവയ്ക്കൂ. രാജിവച്ചില്ലെങ്കിൽ ഗവർണറെയും കോടതിയെയും സമീപിക്കുമെന്നും ചൗധരിക്കെതിരേ നടപടിയെടുക്കണമെന്നും കിഷോർ പ്രഖ്യാപിച്ചു.
ബിഹാർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി കുറ്റവാളിയാണെന്ന് പ്രശാന്ത് പറഞ്ഞു. കൊലപാതകക്കേസിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് 1995ൽ കോടതി വിധിച്ചിരുന്നു. എന്നാൽ, തെറ്റായ രേഖകൾ ഉപയോഗിച്ചു പ്രായപൂർത്തിയാകാത്ത ആളാണെന്നു തെളിയിച്ചതിനെത്തുടർന്നു വിട്ടയയ്ക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കിഷോർ ആവശ്യപ്പെട്ടു. ചില കാര്യങ്ങൾ ശരിയായ വേദിയിലാണു പരിഹരിക്കേണ്ടതെന്നായിരുന്നു ഉപമുഖ്യമന്ത്രിയുടെ മറുപടി.