നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീലിന് "എക്സ് ’
Tuesday, September 30, 2025 2:02 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ സമൂഹമാധ്യമ കന്പനികളെ നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന ഹൈക്കോടതി ഉത്തരവിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സമൂഹമാധ്യമമായ "എക്സ്’.
ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള സർക്കാർ നോട്ടീസുകൾ പാലിക്കണമെന്നുള്ള കർണാടക ഹൈക്കോടതി ഉത്തരവ് കേന്ദ്രത്തിന്റെ "സഹ്യോഗ്’ പോർട്ടലിലൂടെ കോടിക്കണക്കിനു പോലീസുകാർ ഏകപക്ഷീയമായി ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിലേക്കു വഴിവയ്ക്കുമെന്ന് "എക്സ്’ ചൂണ്ടി ക്കാട്ടി. ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്ന് ഔദ്യോഗിക അക്കൗണ്ടുകളിലൊന്നായ ഗ്ലോബൽ ഗവണ്മെന്റ് അഫയേഴ്സിലൂടെ "എക്സ്' അറിയിച്ചിട്ടുണ്ട്.
ചില അക്കൗണ്ടുകളും പോസ്റ്റുകളും നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രത്തിന്റെ നിർദേശങ്ങൾക്കെതിരേ എക്സ് സമർപ്പിച്ച ഹർജികൾ ഈ മാസം 24നാണ് കർണാടക ഹൈക്കോടതി തള്ളിയത്. ഇന്ത്യൻ നിയമങ്ങൾ "എക്സ്’ പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവിലൂടെ "നിയമവിരുദ്ധം’ എന്ന് ആരോപിച്ചുകൊണ്ട് മാത്രം ഓഫീസർമാർക്ക് സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള അധികാരം നൽകുമെന്ന് എക്സ് പറയുന്നു.
സമൂഹമാധ്യമങ്ങൾക്കുമേലുള്ള ഈ അധികാരത്തിനു നിയമത്തിന്റെ അടിത്തറയില്ലെന്നും ഇത് സുപ്രീംകോടതിയുടെ മുൻ വിധികളെയും ഇന്ത്യൻ ജനതയുടെ ഭരണഘടനാ അവകാശങ്ങളെയും അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതാണെന്ന് എക്സ് പ്രതികരിച്ചു.
ഇന്ത്യൻ നിയമങ്ങളെ എക്സ് ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ഹർജിയിൽ ഞങ്ങൾ ഉയർത്തിക്കാട്ടിയ അടിസ്ഥാന ഭരണഘടനാ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും എക്സ് വ്യക്തമാക്കി.