പ്രത്യയശാസ്ത്ര പോരാട്ടത്തിൽ പരാജയപ്പെടുന്നവർ രാഹുലിനെ നിശബ്ദനാക്കാൻ ശ്രമിക്കുന്നു: കോണ്‍ഗ്രസ്
Tuesday, September 30, 2025 2:02 AM IST
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബിജെപി വക്താവ് വധഭീഷണി മുഴക്കിയതിൽ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്. പ്രത്യയശാസ്ത്ര പോരാട്ടത്തിൽ പരാജയപ്പെടുന്നവരും അവരുടെ കൊള്ള തുറന്നുകാട്ടപ്പെട്ടവരുമാണ് രാഹുലിനെ നിശബ്ദനാക്കാനുള്ള ഗൂഢാലോചന നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പവൻ ഖേര പ്രതികരിച്ചു.
ആർഎസ്എസിന്റെ വിദ്യാർഥി സംഘടനയായ എബിവിപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മലയാളം ചാനലിൽ നടത്തിയ പരാമർശങ്ങൾക്കെതിരേയായിരുന്നു കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം തലവന്റെ പ്രതികരണം.
രാഹുലിന്റെ നെഞ്ചത്തു വെടി വീഴും എന്നു ടിവിയിൽ പ്രതികരണം നടത്തിയിട്ടും അയാൾക്കെതിരേ ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ലെന്നു പവൻ ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ ആർഎസ്എസ് ശ്രമിക്കുന്പോഴെല്ലാം അവരുടെ കാലാൾപ്പട അക്രമത്തെ കൂട്ടുപിടിക്കുന്നു. ഇങ്ങനെ ഗോഡ്സെ ഗാന്ധിയെ കൊന്നു. ഇപ്പോഴാകട്ടെ ബിജെപി വക്താക്കളും നേതാക്കളും രാഹുലിനെതിരേ വധഭീഷണി മുഴക്കുന്നു.
കോടിക്കണക്കിനു പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദുർബലവിഭാഗങ്ങളുടെയും ശബ്ദമായ രാഹുലിനെ നിശബ്ദമാക്കാൻ ഗൂഢാലോചന നടക്കുന്നു''-പവൻ പറഞ്ഞു. നിങ്ങളുടെ കൊള്ള കൈയോടെ പിടിക്കപ്പെട്ടപ്പോൾ നിങ്ങളുടെ കാലം കഴിഞ്ഞുവെന്നു നിങ്ങൾക്കു മനസിലായെന്നും പവൻ കൂട്ടിച്ചേർത്തു.
രാഹുലിനെതിരേ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തെഴുതിയിരുന്നു.