പുതിയ ജിഎസ്ടി നിരക്ക്; പരാതികൾ മൂവായിരം
Tuesday, September 30, 2025 2:02 AM IST
ന്യൂഡൽഹി: ചരക്കുസേവന നികുതിയിൽ (ജിഎസ്ടി) മാറ്റം വരുത്തിയതിനുശേഷം നികുതി ഇളവുകളുമായി ബന്ധപ്പെട്ട് ഇതുവരെ മൂവായിരത്തോളം പരാതികൾ ലഭിച്ചതായി ദേശീയ ഉപഭോക്തൃ ഹെൽപ്പ്ലൈൻ (എൻസിഎച്ച്) അറിയിച്ചു.
ജിഎസ്ടി ഇളവ് പ്രഖ്യാപിച്ച ശേഷം തെറ്റിദ്ധരിപ്പിക്കുന്ന കിഴിവുകൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തിലുള്ള നടപടികൾ വ്യാപാരികൾ സ്വീകരിച്ചതായും ഇത്തരം പരാതികൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസിലേക്ക് (സിബിഐസി) കൈമാറിയതായും എൻസിഎച്ച് സെക്രട്ടറി നിധി ഖേര മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം പരാതികൾ എല്ലാ ദിവസവും ലഭിക്കുന്നുണ്ടെന്നും അവർ പ്രതികരിച്ചു.
ജിഎസ്ടി നിരക്കിലെ ഇളവ് വ്യാപാരികൾ നൽകുന്ന ഡിസ്കൗണ്ട് ആണെന്ന തരത്തിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ചില കേസുകൾ കേന്ദ്ര സർക്കാർ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട വിവിധ റിപ്പോർട്ടുകൾ സർക്കാർ വിശകലനം ചെയ്യുന്നതായും എൻസിഎച്ച് അറിയിച്ചു.
വിവിധ മേഖലകളിൽനിന്നായി ഇത്തരത്തിൽ ലഭിച്ച പരാതികൾ മികച്ച രീതിയിൽ ട്രാക്ക് ചെയ്യുന്നതിന് നിർമിതബുദ്ധി (എഐ), ചാറ്റ് ബോട്ടുകൾ തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതായാണ് കേന്ദ്രസർക്കാർ അറിയിക്കുന്നത്.
ചില്ലറ വ്യാപാരികൾ ജിഎസ്ടി ഇളവുകൾ പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറുന്നില്ല എന്ന ആശങ്കയും പരാതികളിൽ ഉയരുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. ഈ മാസം 22 നാണ് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വന്നത്.