കരൂർദുരന്തം: ഇല്ലാക്കഥ പ്രചരിപ്പിക്കരുതെന്ന് സ്റ്റാലിൻ
Tuesday, September 30, 2025 2:02 AM IST
ചെന്നൈ: കരൂരിലുണ്ടായ വിഷമകരമായ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട 41 പേരെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അനുഭാവികളായല്ല, നമ്മുടെ സഹോദരങ്ങളായ തമിഴരായി വേണം കാണാൻ.
സംഭവം അറിഞ്ഞതിനുശേഷം തനിക്ക് ചെന്നൈയിൽ ഇരിക്കാൻ കഴിഞ്ഞില്ലെന്നും ഇരകളെ ആശ്വസിപ്പിക്കാനായി കരൂരിലേക്ക് തിരക്കിട്ട് പുറപ്പെട്ടെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു. ""മുൻപൊരിക്കലും ഉണ്ടാകാത്തതും ഇനിയൊരിക്കലും ഉണ്ടാകാൻ പാടില്ലാത്തതുമായ ദുരന്തമാണ് സംഭവിച്ചത്.
ആശുപത്രിയിൽ ഞാൻ കണ്ട രംഗങ്ങൾ ഇപ്പോഴും എന്റെ കൺമുന്നിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ചിലർ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത് കാണുന്നുണ്ട്. ഒരു നേതാവും തന്റെ പ്രവർത്തകരോ നിരപരാധികളായ സിവിലിയന്മാരോ മരിക്കണമെന്ന് ആഗ്രഹിക്കില്ല.
പാർട്ടികൾക്കും അപ്പുറത്ത് അവർ നമ്മുടെ തമിഴ് സഹോദരങ്ങളാണ്''-സ്റ്റാലിൻ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം, ഭാവിയിൽ രാഷ്ട്രീയ പരിപാടി എങ്ങനെ നടത്തണമെന്നതു സംബന്ധിച്ച ചട്ടം രൂപവത്കരിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.