അപരാജിതർ
Tuesday, September 30, 2025 2:36 AM IST
ദുബായ്: ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ചരിത്ര ഫൈനലിൽ പാക്കിസ്ഥാനെ വീഴ്ത്തി കപ്പുയർത്തി ഇന്ത്യ ആഘോഷം ഗംഭീരമാക്കി. എന്നാൽ ഹസ്തദാനത്തിൽ തുടങ്ങിയ വിവാദം ഫൈനൽ ട്രോഫി വാങ്ങുന്നതിൽ എത്തിനിന്ന മത്സരം ഏഷ്യ കപ്പ് ചരിത്രത്തിൽ തന്നെ വേറിട്ട സംഭവങ്ങളുടെ ഓർമപ്പെടുത്തലായി വരുംകാലത്ത് ക്രിക്കറ്റ് ചരിത്രത്തിൽ ഇടംപിടിക്കും.
ഫൈനൽ മത്സരത്തിൽ ടോസ് ഇടുന്നതിൽ തുടങ്ങി അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറി. രണ്ടു കമന്േററ്റർമാരെ ഒപ്പം കൂട്ടി ടോസ് ഇട്ടു തുടങ്ങിയ മത്സരത്തിൽ ജയപരാജയങ്ങൾ മാറിമറിഞ്ഞു. ഫൈനൽ ആവേശം മത്സരത്തിൽ കണ്ടു. എന്നാൽ ഇന്ത്യ, പാക് മന്ത്രിയുടെ കൈയിൽനിന്നു ട്രോഫി വാങ്ങാൻ വിസമ്മതിച്ചപ്പോൾ പാക്കിസ്ഥാൻ രണ്ടാം സ്ഥാനക്കാർക്കുള്ള ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.
അതേസമയം ആവേശം അവസാന ഓവർ വരെ നിറഞ്ഞ മത്സരത്തിൽ വിധി നിർണയിച്ചത് പാക് ബാറ്റർമാരുടെ ജാഗ്രത കുറവും ഫീൽഡിംഗിൽ വരുത്തിയ പിഴവുകളുമാണ്. രണ്ടും മുതലാക്കിയ ഇന്ത്യ മത്സരം കൈയിലൊതുക്കി. ഇന്ത്യയുടെ തിലക് വർമ കളിയിലെ താരമായപ്പോൾ ഓപ്പണർ അഭിഷേക് ശർമ ടൂർണമെന്റിലെ താരമായി.
മത്സരഗതി മാറ്റം!
ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാന് ബാറ്റിംഗിലും ബൗളിംഗിലും മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ഇന്ത്യ എന്ന കരുത്തർ അവരെ പിടിച്ചുകെട്ടുകയായിരുന്നു. ഓപ്പണിംഗ് സഖ്യം അടിച്ചുതകർത്തപ്പോൾ കൂറ്റൻ സ്കോർ പാക്കിസ്ഥാൻ പ്രതീക്ഷിച്ചു. എന്നാൽ കുൽദീപ് യാദവ് നാല് വിക്കറ്റുമായി കളം നിറഞ്ഞതോടെ പാക് ഇന്നിംഗ്സ് 147 റണ്‍സിൽ ഒതുങ്ങി. പിന്നീട് ഇന്ത്യൻ മുൻനിരയെ എറിഞ്ഞുവീഴ്ത്തി വിജയവഴിയിലെന്ന് തോന്നിക്കും വിധമുള്ള ബൗളിംഗ് ആക്രമണം.
അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവർ വീണു. തിലക് വർമ- സഞ്ജു സാംസണ് കൂട്ടുകെട്ടിന്റെ രക്ഷാപ്രവർത്തനം. സഞ്ജുവിനുശേഷം ശിവം ദുബെയുടെ വരവ് മത്സര ഗതിയിൽ നിർണായകമായി. വെടിക്കെട്ടോടെ സ്കോർ ചലിച്ചു. തിലകും ഗിയർമാറിയതോടെ ജയം അടുത്തു. ഒടുവിൽ രണ്ടു പന്തും അഞ്ച് വിക്കറ്റും ബാക്കി നിർത്തി ജയം.
വലിയ വില!
ട്വന്റി20ൽ ഫീൽഡിംഗ് പിഴവിന് വലിയ വില നൽകേണ്ടി വരുമെന്ന് ബോധ്യപ്പെട്ട ഫൈനലായിരുന്നു ഇന്നലെ നടന്നത്. ഇന്ത്യയെ സമ്മർദത്തിലേക്ക് തള്ളിവിട്ട പാക്കിസ്ഥാൻ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സഞ്ജുവിന്റെ ക്യാച്ച് വിട്ടുകളഞ്ഞു. ജീവൻ ലഭിച്ച സഞ്ജു മികച്ച കൂട്ടുകെട്ടുണ്ടാക്കി നിർണായക സമയത്ത് 24 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്.
കളിയിലെ താരമായ തിലക് വർമ 37 റണ്‍സിൽ നിൽക്കേ പാക് വിക്കറ്റ് കീപ്പർ നഷ്ടപ്പെടുത്തിയ റണ്ണൗട്ടിനുള്ള അവസരത്തിന്റെ വിലയാണ് ഏഷ്യ കപ്പ്. 69 റണ്‍സുമായി പുറത്താകാതെ നിന്നാണ് തിലക് ഇന്ത്യക്ക് കപ്പുയർത്താൻ ചുക്കാൻ പിടിച്ചത്.
ട്രോഫിയില്ലാതെ വിജയമാഘോഷിച്ച്
ദുബായ്: ഏഷ്യ കപ്പ് ജേതാക്കളായതിനു പിന്നാലെ ട്രോഫിയില്ലാതെ പോഡിയത്തിൽ കയറി ആഘോഷിച്ച് കളറാക്കി ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അവകാശപ്പെട്ട ട്രോഫിയുമായി എസിസി ചെയർമാൻ മൊഹ്സിൻ നഖ്വി ഗ്രൗണ്ട് വിട്ടതോടെയാണ് ഇന്ത്യൻ താരങ്ങൾ ട്രോഫിയില്ലാതെ മാറ്റുകുറയ്ക്കാതെ ആഘോഷം നടത്തിയത്.
പാക്കിസ്ഥാനിയായഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ ചെയർമാൻ മൊഹ്സിൻ നഖ്വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. ഇതോടെ ട്രോഫി ഗ്രൗണ്ടിൽനിന്നു മാറ്റാൻ മൊഹ്സിൻ നഖ്വി നിർദേശിച്ചു. എമിറേറ്റ്സ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സരൂനിയിൽനിന്ന് ട്രോഫി വാങ്ങാമെന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ ഈ ആവശ്യം തള്ളി.
ഇതോടെ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ അംഗങ്ങൾ സ്റ്റേഡിയത്തിൽനിന്ന് പോയതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ പോഡിയത്തിൽ കയറി വിജയം ആഘോഷിക്കുകയായിരുന്നു. ട്രോഫി കിട്ടിയില്ലെങ്കിലും ട്രോഫി സ്വീകരിച്ചുകൊണ്ട് ഇന്ത്യൻ ടീമിനടുത്തേക്കു വരുന്നതായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അഭിനയിച്ചു.
പിന്നാലെ പോഡിയത്തിൽ ഇന്ത്യൻ താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും ആഘോഷ പ്രകടനവും നടന്നു.
പ്രതിഷേധമറിയിച്ച് ബിസിസിഐ

“എസിസി ചെയർമാനിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്നു ഞങ്ങൾ തീരുമാനിച്ചതാണ്. കാരണം അദ്ദേഹം പാക്കിസ്ഥാന്റെ പ്രതിനിധിയാണ്. പക്ഷേ അതുകൊണ്ട് ട്രോഫിയും മെഡലുകളും കൊണ്ടുപോകാൻ അദ്ദേഹത്തിന് അവകാശമില്ല. ഇതു വളരെ ദൗർഭാഗ്യകരമാണ്.
എത്രയും പെട്ടെന്നു ട്രോഫിയും മെഡലുകളും ഇന്ത്യക്കു കൈമാറുമെന്നാണു ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നവംബറിൽ ദുബായിൽ നടക്കുന്ന ഐസിസി സമ്മേളനത്തിൽ ബിസിസിഐ ശക്തമായ പ്രതിഷേധം അറിയിക്കും.’’ ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.
പ്രതിഭ തെളിയിച്ച് തിലക് വർമ!

ഏഷ്യ കപ്പ് ഫൈനലിൽ ഷഹീൻ അഫ്രിദി നയിക്കുന്ന ബൗളിംഗ് നിരയ്ക്കു മുന്നിൽ പതറിയ ഇന്ത്യക്ക് ഒരു പോരാളിയെ വേണമായിരുന്നു. റണ്‍ മെഷീൻ വിരാട് കോഹ്ലി യും രോഹിത് ശർമയും സമ്മർദഘട്ടങ്ങളിൽ ടീമിനെ ചുമലിലേറ്റിയതുപോലെ ഭാരം താങ്ങാൻ കെൽപ്പുള്ള ഒരു ബാറ്റർ. ഷഹീൻ അഫ്രിദിയെറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് നേരിടാനായി ക്രീസിൽ നിൽക്കുന്പോൾ തിലക് വർമയെന്ന ഇരുപത്തിരണ്ടുകാരൻ ആ ഭാരം തന്റെ തോളിലേറ്റുകയായിരുന്നു.
വിൻ പ്രെഡിക്റ്ററിൽ പാക്കിസ്ഥാന് ബഹുദൂരം മുൻതൂക്കം നേടാൻ ആവശ്യമായി വന്നത് കേവലം നാല് ഓവറുകൾ മാത്രമായിരുന്നു. എന്നാൽ സഞ്ജുവിന്റെ പരിചയസന്പത്തും തിലകിന്റെ പ്രതിഭയും അവിടെ ഒന്നിച്ചു. ഇന്ത്യ തിരിച്ചുവരവിന്റെ പാതയിൽ. കരുതലോടെയായിരുന്നു തിലകിന്റെയും സഞ്ജുവിന്റെയും നീക്കങ്ങൾ.
ആദ്യ 20 പന്തുകളിൽ നിന്ന് തിലക് നേടിയത് 20 റണ്‍സ് മാത്രമായിരുന്നു. സഞ്ജു മടങ്ങി ശിവം ദുബെ എത്തിയതോടെ ഗിയർ മാറിയ തിലക് പിന്നീട് തിലകക്കുറിയായി മാറി.
എന്തും വഴങ്ങും

ഏത് റോളിലും മികവ് പുലർത്തുമെന്നു തെളിയിക്കാൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് ഏഷ്യ കപ്പ് വ്യക്തമാക്കുന്നത്. ബാറ്റിംഗ് ലൈനപ്പിൽ മൂന്നിലും അഞ്ചിലും പരീക്ഷിച്ചു, രണ്ടിലും വിജയം. ഫൈനലിൽ നിർണായകമായ ഇന്നിംഗ്സ കാഴ്ചവച്ച് ഇന്ത്യക്ക് പോരാടാൻ അവസരമൊരുക്കി.
ഏഷ്യ കപ്പിൽ നാല് ഇന്നിംഗ്സുകളിൽ 33 ശരാശരിയിൽ 132 റണ്‍സ്. ഏഴ് ഫോറും ഏഴ് സിക്സറുകളും. ഈ ടൂർണമെന്റോടെ ട്വന്റി 20 ടീമിലേക്ക് തന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാൻ സഞ്ജുവിന് കഴിഞ്ഞേക്കും. വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ മികവ് കണ്ടു.