മന്‍ഹാസ് മന്ദഹാസം...മിഥുന് മന്‍ഹാസ് ബിസിസിഐ പ്രസിഡന്റ്
Monday, September 29, 2025 12:42 AM IST
മുംബൈ: ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ (ബിസിസിഐ) 37-ാമത് പ്രസിഡന്റായി ഡല്‍ഹി മുന്‍ ക്യാപ്റ്റന്‍ മിഥുന് മന്‍ഹാസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ മുംബൈയില്‍ നടന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിലാണ് 45കാരനായ മന്‍ഹാസിന്റെ നിയമനം നടന്നത്.
കഴിഞ്ഞ മാസം 70വയസ് പൂര്‍ത്തിയായതോടെ റോജര്‍ ബിന്നി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെയാണ് പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് അനിവാര്യമായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മന്‍ഹാസ് മാത്രമേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുള്ളൂ.
മുന്‍ ഓള് റൗണ്ടറായ മന്‍ഹാസ്, 157 ഫസ്റ്റ് ക്ലാസ്, 130 ലിസ്റ്റ് എ, 55 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1997-98 മുതല്‍ 2017വരെ ക്രിക്കറ്റില്‍ സജീവമായിരുന്നു. ഫസ്റ്റ് ക്ലാസില്‍ 27 സെഞ്ചുറി ഉള്‍പ്പെടെ 9714 റണ്‍സ് നേടി. ലിസ്റ്റ് എയില്‍ 4126 റണ്‍സ് ഉണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം.എസ്. ധോണിയുടെ സഹതാരമായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച മന്‍ഹാസ്, കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ അസിസ്റ്റന്റ് കോച്ച് ആയിരുന്നു എന്നതും ശ്രദ്ധേയം.
ജമ്മുവില്‍നിന്നു വന്ന താരം
ജമ്മു കാഷ്മീരില്‍ ജനിച്ച മിഥുന് മന്‍ഹാസ്, അണ്ടര്‍ 16 കളിക്കാനായി ഡല്‍ഹിയിലേക്കു ചേക്കേറുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയുടെ അണ്ടര്‍ 19, സീനിയര്‍ ടീമില്‍ കളിച്ചു. ഇന്ത്യക്കായും അണ്ടര്‍ 19 കളിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ്, സച്ചിന് തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവര്‍ ഇന്ത്യന്‍ ദേശീയ ടീം അടക്കിവാഴുന്ന കാലഘട്ടത്തിലായിരുന്നു മന്ഹാന് ഡല്‍ഹിയുടെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായത്. വന്മരങ്ങള് ഉണ്ടായതിനാല്‍ ദേശീയ ടീമിലേക്ക് എത്തിപ്പെടാന്‍ മന്ഹാസിനു സാധിച്ചില്ല.
റിക്കാര്‍ഡ് കുറിച്ച വരവ്
ജമ്മു കാഷ്മീരില്‍ ജനിച്ച ഒരാള്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. അതുപോലെ ഇന്ത്യക്കായി കളിക്കാത്ത ഒരു ക്രിക്കറ്റര്‍ പ്രസിഡന്റാകുന്നു എന്നതും പ്രത്യേകത. ഈ രണ്ട് റിക്കാര്‍ഡ് കുറിച്ചാണ് മിഥുന് മന്‍ഹാസ് ബിസിസിഐ തലവനായിരിക്കുന്നത്.
ജമ്മുവിന്റെ പ്ലെയര്‍ കം കോച്ചായിരുന്നു. ജമ്മു കാഷ്മീര്‍ ക്രിക്കറ്റ് അസോസിയനെ നിയന്ത്രിക്കാന്‍ 2021ല്‍ ബിസിസിഐ രൂപീകരിച്ച സബ് കമ്മിറ്റി അംഗമാണ് മിഥുന്. ജമ്മു കാഷ്മീരില്‍ നിരവധി പിച്ചുകള്‍ നിര്‍മിക്കുകയും ക്രിക്കറ്റ് വളര്‍ത്തുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ മുംബൈ, ബറോഡ ടീമുകളെ ഞെട്ടിക്കുന്ന പ്രകടനം ജമ്മു കാഷ്മീര്‍ കാഴ്ചവച്ചെന്നതും ശ്രദ്ധേയം.
കോഹ്ലിയുടെ ക്യാപ്റ്റന്‍
ദേശീയ ടീമിലെ സൂപ്പര്‍ താരങ്ങളില്‍ പലരുടെയും ക്യാപ്റ്റനാകാനുള്ള അവസരവും മിഥുന് മന്ഹാസിനു ലഭിച്ചിരുന്നു. വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ആകാഷ് ചോപ്ര, ശിഖര്‍ ധവാന്, വിരാട് കോഹ്ലി തുടങ്ങിയവരെല്ലാം മന്‍ഹാസിന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹിക്കായി കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി മത്സരത്തിനിടെ കോഹ്ലിയുടെ അച്ഛന് മരിച്ചപ്പോള്‍ മന്ഹാസായിരുന്നു ടീം ക്യാപ്റ്റന്‍.