വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് 13-ാം എഡിഷന് ഇന്ന് തുടക്കം
Tuesday, September 30, 2025 2:36 AM IST
ന്യൂഡൽഹി: ഏഷ്യ കപ്പ് ട്വന്റി20 ആവേശം അവസാനിക്കും മുന്പേ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025ന് ഇന്ന് തുടക്കം. കപ്പുയർത്താൻ സർവ സജ്ജമായ ഇന്ത്യൻ സംഘം ശ്രീലങ്കയ്ക്കെതിരേ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഗുവാഹത്തി ബര്സപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു മൂന്നിനാണ് മത്സരം.
സെപ്റ്റംബർ 30 മുതൽ നവംബർ രണ്ടു വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് 13-ാം പതിപ്പ് നടക്കുന്നത്. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യക്ക് ഇത്തവണ കപ്പുയർത്താൻ വലിയ അവസരമാണുള്ളത്.
ചരിത്രത്തിലെതന്നെ മികച്ച ടീമാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന നീലപ്പട. ഏത ടീമിനെയും വീഴ്ത്താൻ കെൽപ്പുള്ളവർ; മികച്ച ഫോമിലും. ആതിഥേയരെന്ന മുൻഗണനയും ഗുണം ചെയ്യും.
ഇന്ത്യ- പാക്കിസ്ഥാൻ
പുരുഷ ക്രിക്കറ്റിലേതിന് സമാനമായി ഒക്ടോബർ അഞ്ചിന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിലായിരിക്കും എല്ലാവരുടെയും കണ്ണുകൾ. പുരുഷ ക്രിക്കറ്റ് നേട്ടത്തിനു പിന്നാലെ വനിത ക്രിക്കറ്റിലും ജയമാണ് ആരാധകരുടെ പ്രതീക്ഷ.
തുടർന്ന് ഒക്ടോബർ 12ന് ഓസ്ട്രേലിയയെയും 19ന് ഇംഗ്ലണ്ടിനെയും നിർണായക പോരാട്ടങ്ങളിൽ ഇന്ത്യ നേരിടും. റൗണ്ട് റോബിൻ ഫോർമാറ്റ് അനുസരിച്ച് ഓരോ മത്സരവും പ്രധാനമാണ്. മികച്ച നാല് ടീമുകൾ സെമിഫൈനലിൽ കടക്കും.
പാക്കിസ്ഥാൻ സെമിയിൽ പ്രവേശിച്ചാൽ മത്സരം ഒക്ടോബർ 29ന് കൊളംബോയിൽ നടക്കും. അല്ലെങ്കിൽ ഗുവാഹത്തി ആദ്യ സെമിഫൈനലിന് ആതിഥേയത്വം വഹിക്കും. ഓസ്ട്രേലിയ ഏഴും ഇംഗ്ലണ്ട് അഞ്ചും കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ ചരിത്രം കുറിക്കുകയാണ് ഇന്ത്യയുടെ പെണ്പടയുടെ ലക്ഷ്യം.
ടീം കരുത്ത്
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, രേണുക സിംഗ് താക്കൂർ, രാധ യാദവ് എന്നിവരുൾപ്പെടെ പരിചയസന്പന്നരും യുവതാരങ്ങളും ഉൾപ്പെടുന്ന ശക്തരാണ്.
സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി എത്തുന്ന ടീം വലിയ പ്രതീക്ഷയിലാണ്.
ബാറ്റർക്ക് അനുകൂലം
ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയം ബാറ്റിംഗിന് അനുകൂലമാണ്. പേസർമാർക്ക് തുടക്കത്തിൽ അനുകൂലമെങ്കിലും സ്പിന്നർമാർ ഒടുവിൽ കളം വാഴും. 10 പിച്ചുകൾ ഉൾപ്പെടുന്ന ഈ ഗ്രൗണ്ടിൽ ഇതുവരെ മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. ഇവയെല്ലാം 2019ലാണ്.
കണക്കുകൾ പറയുന്നത്
ഇരു രാജ്യങ്ങളും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളിൽ ഇന്ത്യക്ക് വലിയ മുൻതൂക്കമാണുള്ളത്. ശ്രീലങ്കയ്ക്കെതിരേ 33 മത്സരങ്ങളിൽ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ മൂന്ന് മത്സരമാണ് ശ്രീലങ്ക ജയിച്ചത്.
അവസാനം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിൽ അഞ്ച് എണ്ണത്തിലും ഇന്ത്യ ജയം നേടി.
ഇന്ത്യൻ വനിതാ ടീം
ഹർമൻപ്രീത് കൗർ (c), സ്മൃതി മന്ദാന (wc), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ചേത്രി, രേണുക സിംഗ് താക്കൂർ, ദീപ്തി ശർമ, സ്നേഹ റാണ, ശ്രീ ചരണി, രാധ യാദവ്, അമൻജോത് കൗർ, അരുന്ധതി റെഡ്ഢി, ക്രാന്തി ഗാഡ്.
റിസർവ് താരങ്ങൾ: തേജൽ ഹസബ്നിസ്, പ്രേമ റാവത്ത്, പ്രിയ മിശ്ര, മിന്നു മണി, സയാലി സത്ഘരെ.
ശ്രീലങ്ക ടീം
ചമാരി അട്ടപ്പട്ടു (c), ഹാസിനി പെരേര, വിഷ്മി ഗുണരത്നെ, ഹർഷിത സമരവിക്രമ, കവീശ ദിൽഹാരി, നീലക്ഷിക സിൽവ, അനുഷ്ക സഞ്ജീവനി, ഇമേഷ ദുലാനി, ദേവ്മി വിഹാംഗ, പിയൂമി വത്സല, ഇനോക രണവീര, സുഗന്ദിക ദസനയക, ഉദേശിക പ്രബോധനി, മാൽകി മഡാര, അച്ചിനി കുലസൂര്യ.
റിസർവ് താരം: ഇനോഷി ഫെർണാണ്ടോ.