ആര്.പി. സിംഗ്, പ്രഗ്യാൻ ഓജ സെലക്ടര്‍മാര്‍
Monday, September 29, 2025 12:42 AM IST
മുംബൈ: ഇന്ത്യന്‍ മുന്‍ താരങ്ങളായ പ്രഗ്യാന്‍ ഓജ, ആര്.പി. സിംഗ് എന്നിവരെ ബിസിസിഐ സീനിയര്‍ സെലക്ടര്‍മാരായി നിയമിച്ചു. എസ്. ശരത്, സുബ്രതോ ബാനര്‍ജി എന്നിവര്‍ പടിയിറങ്ങിയ ഒഴിവിലേക്കാണ് ആര്.പി. സിഗും പ്രഗ്യാന്‍ ഓജയും എത്തിയത്. അജിത് അഗാര്‍ക്കറാണ് മുഖ്യ സെലക്ടര്‍.
2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം അംഗമായിരുന്നു ഇടംകൈ പേസറായ ആര്.പി. സിംഗ്. ഇന്ത്യക്കായി 14 ടെസ്റ്റ്, 58 ഏകദിനം, 10 ട്വന്റി-20 എന്നിങ്ങനെ 82 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു, ആകെ 124 വിക്കറ്റ് വീഴ്ത്തി.
ഇടംകൈ സ്പിന്നറായ പ്രഗ്യാന്‍ ഓജ, 24 ടെസ്റ്റ്, 18 ഏകദിനം, ആറ് ട്വന്റി-20 എന്നിങ്ങനെ 48 മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. ടെസ്റ്റില്‍ 113ഉം ഏകദിനത്തില്‍ 21ഉം ട്വന്റി-20യില്‍ 10ഉം വിക്കറ്റ് നേടി.