നേപ്പാള്‍ അട്ടഹാസം!
Monday, September 29, 2025 12:43 AM IST
ഷാര്‍ജ: ഏഷ്യ കപ്പ് 2025 ട്വന്റി-20 ക്രിക്കറ്റിനു യോഗ്യത ലഭിക്കാതിരുന്ന നേപ്പാള്‍ പുരുഷ ടീം ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയിലൂടെ ഷാര്‍ജയില്‍ അട്ടഹാസം മുഴക്കി.
ഐസിസി ഫുള്‍ മെംബറായ വെസ്റ്റ് ഇന്‍ഡീസിനെ 19 റണ്‍സിന് തകര്‍ത്ത് നേപ്പാള്‍ ചരിത്രം കുറിച്ചു. ഒരു ഫുള്‍ മെംബറിനെതിരേ നേപ്പാള്‍ നേടുന്ന ആദ്യ ജയമാണിത്. 2014ല്‍ അഫ്ഗാനിസ്ഥാനെ കീഴടക്കിയ ചരിത്രം നേപ്പാളിനുണ്ട്. എന്നാല്‍, അന്ന് അഫ്ഗാനിസ്ഥാന് ഐസിസിയില്‍ അസോസിയേറ്റ് അംഗം മാത്രമായിരുന്നു.
നേപ്പാളിന്റെ ജയത്തിനുള്ള പ്രത്യേകതകള്‍ വേറെയുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിന് എതിരേ നേപ്പാള്‍ കളിക്കുന്ന ആദ്യ ട്വന്റി-20 മത്സരമായിരുന്നു. മാത്രമല്ല, ഏതെങ്കിലുമൊരു ഐസിസി ഫുള്‍ മെംബര്‍ ടീമിനെതിരേ നേപ്പാളിന്റെ ആദ്യ ബൈലാട്രല്‍ സീരീസ് ആണിത്.
ബാറ്റിംഗില്‍ നേപ്പാളിന്റെ ആറ് താരങ്ങള്‍ സിക്സ് അടിച്ചെന്നതും ബൗളിംഗില്‍ ആറ് താരങ്ങള്‍ വിക്കറ്റ് വീഴ്ത്തി എന്നതും നേപ്പാളിന്റെ ജയത്തില്‍ നിര്‍ണായകമായി. 35 പന്തില്‍ 38 റണ്‍സ് എടുക്കുകയും 20 റണ്‍സിന് ഒരു വിക്കറ്റ് നേടുകയും ചെയ്ത നേപ്പാളിന്റെ ക്യാപ്റ്റന്‍ രോഹിത് പൗഡലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: നേപ്പാള്‍ 20 ഓവറില്‍ 148/8. വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 129/9. മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഷാര്‍ജയില്‍ നടക്കും. ഇന്നും ജയിച്ച് ചരിത്ര പരമ്പര സ്വന്തമാക്കുകയാണ് നേപ്പാളിന്റെ ലക്ഷ്യം.