വിദേശസിനിമയ്ക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ്
Tuesday, September 30, 2025 2:02 AM IST
ന്യൂയോർക്ക്: വിദേശത്തു നിർമിക്കുന്ന സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
“ഒരു കുഞ്ഞിന്റെ കൈയിൽനിന്നു മിഠായി മോഷ്ടിക്കുന്നതുപോലെ മറ്റു രാജ്യങ്ങൾ അമേരിക്കയുടെ സിനിമാ വ്യവസായത്തെ തട്ടിയെടുത്തു’’-ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കയ്ക്കു പുറത്തു നിർമിക്കുന്ന സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തമെന്ന് മേയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ സിനിമകൾക്ക് അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിൽ ഏറെ ജനപ്രീതിയുണ്ട്. ട്രംപിന്റെ തീരുമാനം ഹോളിവുഡ് സിനിമയ്ക്കും ദോഷം ചെയ്യുമെന്നാണു വിലയിരുത്തൽ. ബ്രാൻഡ്, പേറ്റന്റഡ് മരുന്നുകൾക്ക് ട്രംപ് കഴിഞ്ഞയാഴ്ച 100 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇത് നാളെ നിലവിൽ വരും.