യൂറോപ്പിനെ അനുകൂലിച്ച് മോൾഡവൻ ജനത
Monday, September 29, 2025 11:19 PM IST
ചിഷിനോ: മോൾഡോവയിലെ സുപ്രധാന പാർലമെന്റ് തെരഞ്ഞെടുപ്പിൽ യൂറോപ്യൻ അനുകൂലിയായ പ്രസിഡന്റ് മയാ സന്ദുവിന്റെ പാർട്ടി ഓഫ് ആക്ഷൻ ആൻഡ് സോളിഡാരിറ്റി (പിഎഎസ്) ജയിച്ചു. 50.2 ശതമാനം വോട്ടാണ് പിഎഎസ് നേടിയത്. മുഖ്യ എതിരാളിയായ റഷ്യാ അനുകൂല പേട്രിയറ്റ് ബ്ലോക്ക് പാർട്ടിക്ക് 24.2 ശതമാനം വോട്ടേ ലഭിച്ചുള്ളൂ.
റഷ്യയുടെ പിടിയിൽനിന്നകന്ന് യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടാൻ മോൾഡോവ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കുള്ള അംഗീകാരമാണു തെരഞ്ഞെടുപ്പ് ജയം. തെരഞ്ഞെടുപ്പിൽ റഷ്യാ അനുകൂല പാർട്ടിയുടെ ജയത്തിനായി റഷ്യൻ ഭരണകൂടം വലിയ ഇടപെടൽ നടത്തിയതായി ആരോപണമുണ്ട്.
1991ൽ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ചശേഷം മോൾഡോവയിൽ നടക്കുന്ന ഏറ്റവും സുപ്രധാന തെരഞ്ഞെടുപ്പെന്നാണു ഭരണകക്ഷി ഞായറാഴ്ചത്തെ വോട്ടെടുപ്പിനെ വിശേഷിപ്പിച്ചത്.
മോൾഡോവൻ ജനത വ്യക്തമായ സന്ദേശം തെരഞ്ഞെടുപ്പിൽ നല്കിയതായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പ്രതികരിച്ചു. യൂറോപ്പ്, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവയാണ് മോൾഡോവ തെരഞ്ഞെടുത്തതെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോർ ദെർ ലെയ്ൻ പറഞ്ഞു. ജർമനി, ഫ്രാൻസ്, പോളണ്ട് രാജ്യങ്ങളിലെ നേതാക്കളും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും മോൾഡോവയെ അഭിനന്ദിച്ചു.
യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന മോൾഡോവ യൂറോപ്പിലെ ഏറ്റവും ദരിദ്രരാഷ്ട്രങ്ങളിലൊന്നാണ്. യുക്രെയ്നോടു ചേർന്നുള്ള മോൾഡോവൻ പ്രദേശം റഷ്യാ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്.