പാക്കിസ്ഥാനിൽ പ്രക്ഷോഭം; വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു
Tuesday, September 30, 2025 2:02 AM IST
ഇസ്ലാമാബാദ്: പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ കേന്ദ്രസർക്കാരിനെതിരേ പാക് അധിനിവേശ കാഷ്മീരിലെ മുസാഫറാബാദിൽ പ്രക്ഷോഭം. അവാമി ആക്ഷൻ കമ്മിറ്റി (എഎസി) എന്ന പൗരാവകാശ സംഘടനയാണ് ഇന്നലെ ആരംഭിച്ച പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്നത്.
പാക് സൈന്യത്തിന്റെയും ഐഎസ്ഐയുടെ പിന്തുണയുള്ള മുസ്ലിം കോൺഫറൻസും പിന്തുണയ്ക്കുന്ന അക്രമിസംഘം പ്രതിഷേധക്കാർക്കു നേർക്കു നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 22 പേർക്കു പേർക്കു പരിക്കേറ്റു. പാക് അധീന കാഷ്മീരിനോടു പതിറ്റാണ്ടുകളായി തുടരുന്ന അവഗണന അവസാനിപ്പിക്കണം എന്നതാണു പ്രധാന ആവശ്യം.
പാക്കിസ്ഥാനിലെ കാഷ്മീരി അഭയാർഥികൾക്കായി പാക് അധീന കാഷ്മീർ അസംബ്ലിയിൽ 12 സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതു റദ്ദാക്കുക, സബ്സിഡിയോടെ ധാന്യങ്ങൾ ലഭ്യമാക്കുക, വൈദ്യുതി നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു.
പ്രക്ഷോഭം നേരിടാനായി കേന്ദ്ര സർക്കാർ ആയിരത്തോളം പോലീസിനെ അയച്ചു. കഴിഞ്ഞദിവസം രാത്രി ഇന്റർനെറ്റ് സേവനങ്ങൾ പരിമിതപ്പെടുത്തി.