അമേരിക്കൻ പള്ളിയിൽ ആക്രമണം; നാലു പേർ കൊല്ലപ്പെട്ടു
Monday, September 29, 2025 11:19 PM IST
ഡിട്രോയിറ്റ്: അമേരിക്കയിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയിന്റ്സ് (മോർമോൺ സഭ) ക്രൈസ്തവ വിഭാഗത്തിന്റെ പള്ളിയിൽ ഞായറാഴ്ച ശുശ്രൂഷ നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു.
എട്ടു പേർക്കു പരിക്കേറ്റു. മിഷിഗൺ സംസ്ഥാനത്തെ ഗ്രാൻഡ് ബ്ലാങ്ക് പട്ടണത്തിലെ പള്ളിയിലേക്കു വാഹനം ഇടിപ്പിച്ചുകയറ്റി വെടിയുതിർക്കുകയും തുടർന്ന് പള്ളി തീവച്ചു നശിപ്പിക്കുകയുമായിരുന്നു.
ആക്രമണം നടത്തിയ മുൻ യുഎസ് സൈനികൻ തോമസ് ജേക്കബ് സാൻഫോർഡിനെ (40) പോലീസ് വെടിവച്ചു കൊന്നു. സമീപത്തെ ബർട്ടൺ എന്ന പട്ടണവാസിയായ ഇയാളെ ആക്രമണത്തിനു പ്രേരിപ്പിച്ചത് എന്താണെന്നതിൽ വ്യക്തതയില്ല.
നൂറുകണക്കിനു പേർ ശുശ്രൂഷയിൽ പങ്കെടുക്കുന്ന സമയത്താണ് അക്രമി വാഹനം ഉപയോഗിച്ച് പള്ളിയുടെ മുൻവാതിൽ ഇടിച്ചുതകർത്തത്. രണ്ടു പേരുടെ മൃതദേഹങ്ങളാണു സ്ഥലത്തുനിന്ന് ആദ്യം ലഭിച്ചത്. കത്തിനശിച്ച പള്ളിയിൽ നടത്തിയ തെരച്ചിലിൽ രണ്ടു മൃതദേഹങ്ങൾകൂടി ലഭിക്കുകയായിരുന്നു.
ഫെഡറൽ ഏജൻസിയായ എഫ്ബിഐ കേസന്വേഷണം ഏറ്റെടുത്തു. അമേരിക്കയിലെ ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യമിട്ട മറ്റൊരു ആക്രമണമാണിതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
ആക്രമണം നടത്തിയ തോമസ് ജേക്കബ് സാൻഫോർഡ് 2004 മുതൽ 2008 വരെ യുഎസ് മറീൻ സേനാംഗമായിരുന്നു. ഇറാക്കിൽ സേവനം അനുഷ്ഠിച്ചിരുന്നു.
ഈ ആക്രമണത്തിനു മണിക്കൂറുകൾക്ക് മുന്പ് നോർത്ത് കരോളൈന സംസ്ഥാനത്ത് സമാനമായ മറ്റൊരു സംഭവവും നടന്നു. തോമസ് ജേക്കബ് സാൻഫോർഡിന്റെ അതേ പ്രായമുള്ള, ഇറാക്കിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള യുഎസ് മറീൻ മൂന്നു പേരെ വെടിവച്ചുകൊല്ലുകയായിരുന്നു.