ബേത്ലഹെമിൽ ക്രൈസ്തവർ കുറയുന്നു; മാർപാപ്പയോട് ആശങ്ക അറിയിച്ച് മേയര്‍
Monday, September 29, 2025 12:54 AM IST
വത്തിക്കാന്‍ സിറ്റി: ബേത്ലഹെം മേയർ മഹർ നിക്കോള നവാത്തി വത്തിക്കാനിൽ ലെയോ പതിനാലാമന്‍ മാർപാപ്പയെ സന്ദര്‍ശിച്ചു. തന്റെ ജനത്തിന്റെ ആശങ്കകള്‍ വിവരിച്ചും വിശുദ്ധ നാട്ടിൽ സമാധാനത്തിനും പ്രത്യാശയ്ക്കുമായുള്ള ശ്രമങ്ങളിൽ പിന്തുണ അഭ്യർഥിച്ചുമാണ് ബേത്ലഹെം മേയർ മാർപാപ്പയെ സന്ദര്‍ശിച്ചത്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും വിശുദ്ധ നാട്ടിലെ ക്രൈസ്തവസാന്നിദ്ധ്യം കാത്തുസൂക്ഷിക്കാനും വേണ്ടിയുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ക്രൈസ്തവ വിശ്വാസി കൂടിയായ മേയർ മാർപാപ്പയോട് അഭ്യർഥിച്ചു. ബേത്ലഹെമിലും മറ്റു പലസ്തീനിയൻ നഗരങ്ങളിലുംനിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടരുകയാണെന്നും ഇതുവഴി വിശുദ്ധനാട്ടിലെ ക്രൈസ്തവസാന്നിധ്യം കുറയുകയാണെന്നും ലെയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാൻ ന്യൂസിനു നല്കിയ അഭിമുഖത്തില്‍ മേയർ വെളിപ്പെടുത്തി.
പലസ്തീനിലും ഗാസയിലും ബേത്ലഹേമിലും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും വിശുദ്ധനാട്ടിലെ ജനം അവിടെ തുടരേണ്ടതിന്റെ പ്രാധാന്യവും താൻ മാർപാപ്പയോടു വിശദീകരിച്ചതായും മേയർ പറഞ്ഞു.
ഇപ്പോൾ ബേത്ലഹെമിൽ പുതുതായി താമസിക്കാനെത്തുന്നവർ നഗരത്തിൽ മുന്‍പുണ്ടായിരുന്ന ജനങ്ങൾക്കുമുന്നിൽ മാത്സര്യത്തിന്റെ ചിന്തകളാണ് ഉയർത്തുന്നത്. ഇത് സമൂഹത്തിൽ സമ്മർദം വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശുദ്ധ നാട്ടിലെ “ജീവിക്കുന്ന ശിലകളായ മനുഷ്യരില്ലെങ്കിൽ” അതൊരു മ്യൂസിയമായി മാറുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പുതിയ അധിനിവേശവും വിഭജന മതിലുകളും മൂലം ബേത്ലഹെമും ജറൂസലെമും വേർതിരിക്കപ്പെട്ടു.
പലസ്തീൻ പ്രദേശത്തെ ക്രൈസ്തവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവിൽ ആശങ്ക പ്രകടിപ്പിച്ച മേയര്‍, ലോകത്തെമ്പാടുമായി 40 ലക്ഷം പലസ്തീനിയൻ ക്രൈസ്തവരുള്ളപ്പോൾ വെറും 1,60,000 ക്രൈസ്തവർ മാത്രമാണു നിലവില്‍ പലസ്തീനിലുള്ളതെന്നും വ്യക്തമാക്കി.