ഡബ്ല്യുപിഎല്ലിന്റെ അമരത്ത് ജയേഷ്
Monday, September 29, 2025 12:42 AM IST
മുംബൈ: വിമന്‍സ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്വന്റി-20 ക്രിക്കറ്റിനെ നയിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) പ്രസിഡന്റ് ജയേഷ് ജോര്‍ജ്. ഇന്നലെ മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ ജയേഷ് ജോര്‍ജിനെ ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയര്‍മാനായി തെരഞ്ഞെടുത്തു.
എറണാകുളം ജില്ല ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോര്‍ജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്. പിന്നീട് കെസിഎയുടെ ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, സെക്രട്ടറി, പ്രസിഡന്റ് പദവികള്‍ വഹിച്ചു. 2019ല്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരുന്നപ്പോള്‍ ജോയിന്റ് സെക്രട്ടറിയായി. 2022 മുതല്‍ കെസിഎ പ്രസിഡന്റാണ്.
“രാജ്യം സ്ത്രീശക്തിയുടെ ആഘോഷമായ നവരാത്രി കൊണ്ടാടുമ്പോള്‍ ലഭിച്ച ഈ സ്ഥാനലബ്ധിയില്‍ സന്തോഷമുണ്ട്. ബിസിസിഐക്കും പിന്തുണ നല്കിയ കേരള ക്രിക്കറ്റ് അസോസിയേഷനും നന്ദി. വിമന്‍സ് പ്രീമിയര്‍ ലീഗിനെ കൂടുതല്‍ മികച്ചതാക്കാനും വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കാനും പ്രയത്നിക്കും”- ജയേഷ് ജോര്‍ജ് പറഞ്ഞു.
ജയേഷ് ജോര്‍ജിന്റെ നിയമനം കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയ ഉത്തേജനമാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാര്‍ അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം കെസിഎ ആരംഭിക്കുന്ന വനിത ക്രിക്കറ്റ് ലീഗിന് ഈ നേട്ടം വലിയ പ്രചോദനമാകും. ഇതോടെ ഡബ്ല്യുപിഎല്‍ മത്സരങ്ങളും മറ്റ് പ്രധാന വനിതാ ക്രിക്കറ്റ് മത്സരങ്ങളും കേരളത്തിലേക്ക് കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിനോദ് കൂട്ടിച്ചേര്‍ത്തു.