ബിഹാറിൽ വൻതോതിൽ മുസ്ലിം വോട്ടുകൾ നീക്കംചെയ്യാൻ ശ്രമം നടന്നതായി റിപ്പോർട്ട്
Tuesday, September 30, 2025 2:02 AM IST
ന്യൂഡൽഹി: ബിഹാറിലെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെ നേപ്പാൾ അതിർത്തിയോടു ചേർന്ന ധാക്ക നിയോജകമണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിന്ന് എൺപതിനായിരത്തോളം മുസ്ലിം വോട്ടർമാരെ നീക്കം ചെയ്യാനുള്ള ശ്രമം നടത്തിയതായി റിപ്പോർട്ട്. വാർത്ത സംഘടനയായ "റിപ്പോർട്ടേഴ്സ് കളക്ടീവ് ’ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.
വോട്ടർമാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഹാർ ബിജെപിയുടെ ലെറ്റർപാഡിൽനിന്നു സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച ഔദ്യോഗിക കത്തും സംഘടന പുറത്തുവിട്ടു.
ധാക്കയിലെ ബൂത്ത് ലെവൽ ഏജന്റും മണ്ഡലത്തിലെ ബിജെപി എംഎൽഎ പവൻ കുമാർ ജയ്സ്വാളിന്റെ സ്റ്റാഫ് അംഗവുമായ ധീരൻ കുമാർ എന്ന വ്യക്തി സമാന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ ആദ്യം സമീപിച്ചതായും തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടേഴ്സ് കളക്ടീവ് അവകാശപ്പെടുന്നു. ബിഹാറിലെ 39 മണ്ഡലങ്ങളിലായി 1.88 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്ന് റിപ്പോർട്ടേഴ്സ് കളക്ടീവ് നേരത്തെ കണ്ടെത്തിയിരുന്നു.
78384 വോട്ടർമാരെ നീക്കം ചെയ്യണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് രേഖാമൂലം നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെല്ലാവരും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ്. ഇവർ ഇന്ത്യൻ പൗരന്മാരല്ലെന്നും അവസാനമായി വോട്ടർപട്ടികയിൽ പ്രത്യേക സമഗ്ര പരിഷ്കരണം നടന്ന 2003നു ശേഷമാണ് ആരോപണവിധേയരായവർ വോട്ടർപട്ടികയിൽ പേര് ചേർത്തതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
നിലവിൽ മുൻകൂട്ടി തയാറാക്കിയ ഫോം വഴി മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാളുടെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടാം. വോട്ടർ മരിച്ചു പോയ സാഹചര്യത്തിലോ മണ്ഡലത്തിന് പുറത്താണ് താമസിക്കുന്നതെങ്കിലോ അല്ലെങ്കിൽ ഇന്ത്യൻ പൗരൻ അല്ലാത്ത സാഹചര്യത്തിലോ വോട്ടർമാരെ നീക്കം ചെയ്യാൻ ആവശ്യപ്പെടാം. എന്നാൽ ഈ കാരണങ്ങളൊന്നും നിവേദനത്തിൽ വ്യക്തമാക്കിയിട്ടില്ല.
ബിഹാറിലെ കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച അവസാന തീയതിയായ ഓഗസ്റ്റ് 31 നാണ് ഇത്രയധികം നിവേദനം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് ലഭിച്ചത്.
ഇത്തരത്തിൽ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കംചെയ്യുന്നതിനും കൂട്ടിച്ചേർക്കുന്നതിനുമുള്ള ശ്രമങ്ങൾ സംസ്ഥാനത്ത് പലയിടത്തും നടക്കുന്നതായും റിപ്പോർട്ടേഴ്സ് കളക്ടീവ് അവകാശപ്പെട്ടു.
മുസ്ലിം വോട്ടർമാരെ മാത്രം പേരുകൾ മാത്രമായി തെരഞ്ഞെടുക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള കംപ്യൂട്ടർ സോഫ്റ്റ്വേർ ഉപയോഗിച്ചിരിക്കാമെന്നും റിപ്പോർട്ടേഴ്സ് കളക്ടീവ് ചൂണ്ടിക്കാട്ടുന്നു.