മൂന്നു വർഷത്തിൽ 241 കോടി സന്പാദിച്ചു: പ്രശാന്ത് കിഷോർ
Tuesday, September 30, 2025 2:01 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മൂന്നു വർഷത്തിനുള്ളിൽ 31 കോടി രൂപ ജിഎസ്ടിയും 20 കോടി രൂപ ആദായനികുതിയും 99 കോടി രൂപ സംഭാവനയും നൽകിയെന്ന് ബിഹാറിലെ ജൻ സുരാജ് പാർട്ടി തലവൻ പ്രശാന്ത് കിഷോർ. കണ്‍സൾട്ടന്റ് ആയി ജോലി ചെയ്ത മൂന്നു വർഷത്തിൽ മൊത്തം 241 കോടി രൂപ സന്പാദിച്ചുവെന്ന് രാജ്യത്തെ വിഖ്യാത തെരഞ്ഞെടുപ്പു തന്ത്രജ്ഞനായിരുന്ന കിഷോർ വെളിപ്പെടുത്തി.
മറ്റു പലരെയും പോലെ “ഞങ്ങൾ കള്ളന്മാരല്ല’’ (ഹം ചോർ നഹി ഹേ) എന്നു പറഞ്ഞുകൊണ്ടാണു ബിഹാറിൽ ഇന്നലെ നടത്തിയ റാലിയിൽ പ്രശാന്ത് കിഷോർ തന്റെ വരുമാനം പ്രഖ്യാപിച്ചത്. ജൻ സുരാജിന്റെ ഫണ്ടിംഗ് സുതാര്യമാണ്. കണ്‍സൾട്ടന്റായി ജോലി ചെയ്തതിനു ഫീസ് ഈടാക്കിയിരുന്നു. മൂന്നു വർഷത്തിനുള്ളിൽ 241 കോടി രൂപ സന്പാദിച്ചു.
വരുമാനത്തിന്റെ 18 ശതമാനമായ 30,98,68,764 രൂപ ജിഎസ്ടിയായി നൽകി. ആദായനികുതിയായി 20 കോടി രൂപയാണു കൊടുത്തത്. ജൻ സുരാജ് പാർട്ടിക്ക് 98.95 കോടി രൂപ സംഭാവന ചെയ്യുകയും ചെയ്തു. ബാങ്കിന്റെ ചെക്കായാണ് ഈ പണം തന്റെതന്നെ പുതിയ പാർട്ടിക്കു സംഭാവന ചെയ്തതെന്നും കിഷോർ വിശദീകരിച്ചു.
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ ഫണ്ടിംഗ് അന്വേഷിക്കണമെന്നും പ്രചാരണത്തിനു പണം എവിടെനിന്നാണു ലഭിക്കുന്നതെന്നു വ്യക്തമാക്കണമെന്നുമുള്ള ബിജെപി എംപി സഞ്ജയ് ജയ്സ്വാളിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു പ്രശാന്ത്. ഷെൽ കന്പനികൾ വഴി പാർട്ടിയുടെ ഫണ്ടിലേക്കു സുരാജ് കോടികൾ സമാഹരിച്ചുവെന്നായിരുന്നു ജയ്സ്വാളിന്റെ ആരോപണം.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന കന്പനികൾ എന്തിനാണ് പ്രശാന്ത് കിഷോറിനു മാത്രം കോടിക്കണക്കിനു രൂപ നൽകുന്നതെന്നു ജയ്സ്വാൾ ചോദിച്ചു. രാഷ്ട്രീയ പാർട്ടികൾക്കോ സ്ഥാപനങ്ങൾക്കോ കന്പനികൾക്കോ ഉപദേശം നൽകുന്നതിനു താനൊരിക്കലും ഫീസ് ഈടാക്കിയിരുന്നില്ലെന്ന് കിഷോർ പറഞ്ഞു.
എന്നാൽ, വിവിധ കന്പനികൾക്കും വ്യക്തികൾക്കും കഴിഞ്ഞ മൂന്നു വർഷക്കാലത്തു നൽകിയ ഉപദേശങ്ങളിലൂടെ 241 കോടി രൂപ സന്പാദിച്ചു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആരോപണ- പ്രത്യാരോപണങ്ങൾ കടുപ്പിക്കുകയാണു നേതാക്കൾ. തന്റെ സംഭാവന കൂടാതെ മറ്റു സ്രോതസുകളിൽനിന്നും പാർട്ടിക്കു സംഭാവനകൾ ലഭിച്ചിട്ടുണ്ട്.
ജൻ സുരാജ് പാർട്ടിയുടെ അക്കൗണ്ടുകളിലേക്കുള്ള എല്ലാ പേയ്മെന്റുകളും ചെക്ക് വഴിയാണു നടത്തിയത്. ഒരു തെറ്റും ചെയ്തിട്ടില്ല. തന്റെ പാർട്ടിയുടെ ഫണ്ടിംഗ് സുതാര്യവും ശുദ്ധവുമാണ്. താൻ ബിഹാറിൽ വന്നതു പണമുണ്ടാക്കാനല്ല. തന്റെ കൈവശമുള്ള ഓരോ രൂപയും സർക്കാരിന്റെ നിരീക്ഷണത്തിലാണ്.
ബിഹാറിലെ നിലവിലുള്ള ഭരണ സംവിധാനം മാറുന്നതുവരെ 10 വർഷം താൻ ബിഹാറിൽതന്നെ തുടരും. സ്വന്തം സംസ്ഥാനമായ ബിഹാറിനെ പരിവർത്തനം ചെയ്യാനുള്ള ദൗത്യത്തിലാണു താനെന്ന് കിഷോർ പറഞ്ഞു.