അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരേ ഡി. രാജ
Tuesday, September 30, 2025 2:01 AM IST
ന്യൂഡൽഹി: നക്സലിസം ഉൾപ്പെടെയുള്ള ഇടതുപക്ഷ തീവ്രവാദത്തിന് ഇടതുപാർട്ടികൾ പ്രത്യയശാസ്ത്രപരമായ പിന്തുണ നൽകുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരേ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ.
എന്തുതരം പിന്തുണയാണ് ഇടതുപക്ഷപാർട്ടികൾ നൽകുന്നതെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും ഛത്തീസ്ഗഡിലെ കാടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു വനഭൂമി അദാനി പോലെയുള്ള കോർപറേറ്റുകൾക്ക് തീറെഴുതി നൽകാനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു നടക്കുന്നതെന്നും ഡി. രാജ കുറ്റപ്പെടുത്തി.
കേന്ദ്രവുമായി ചർച്ചയ്ക്കു തയാറാണെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മാവോവാദികൾ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് കേന്ദ്രം അതിനു തയാറാകാത്തതെന്നും രാജ ചോദിച്ചു. നക്സലുകൾ ആവശ്യപ്പെട്ട ചർച്ചയ്ക്ക് കേന്ദ്രം തയാറാകണമെന്ന് രാജ ആവശ്യപ്പെട്ടു.
ചണ്ഡിഗഡിൽ കഴിഞ്ഞയാ ഴ്ച നടന്ന പാർട്ടി കോണ്‍ഗ്രസിനു ശേഷം ഡൽഹിയിൽ ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടി കോണ്‍ഗ്രസിൽ ചർച്ച ചെയ്ത വിഷയങ്ങളെപ്പറ്റിയും രാജ വിവരിച്ചു.
ബിജെപിയും ആർഎസ്എസും അധികാരത്തിൽ തുടർന്നാൽ ഇന്ത്യയുടെ ഭാവി കുഴിച്ചുമൂടപ്പെടുമെന്നും അതിനാൽത്തന്നെ പരസ്പരവിശ്വാസത്തോടെ ഇന്ത്യ സഖ്യം പാർട്ടികൾ നിലകൊള്ളണമെന്നും സിപിഐ ജനറൽ സെക്രട്ടറി പറഞ്ഞു.