പതിനേഴുകാരിയെ പിതാവും സഹോദരനും ചേർന്ന് വെടിവച്ചു കൊന്നു
Tuesday, September 30, 2025 2:01 AM IST
ന്യൂഡൽഹി: പ്രണയബന്ധത്തിന്റെ പേരിൽ കുടുംബത്തിന്റെ പേര് കളങ്കപ്പെടും എന്ന കാരണത്താൽ പതിനേഴു വയസുകാരിയെ പിതാവും 15 വയസുകാരൻ സഹോദരനും ചേർന്നു വെടിവച്ച് കൊന്നു.
ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് ദുരഭിമാനക്കൊല എന്നു സംശയിക്കുന്ന ക്രൂരകൃത്യം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് ജുൽഫാമിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം പെണ്‍കുട്ടിയെ പിതാവും സഹോദരനും വീടിന്റെ രണ്ടാം നിലയിലേക്കു വിളിച്ചുകൊണ്ടുപോയി നിറയൊഴിക്കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. ഭാരതീയ ന്യായ സംഹിതയിൽ വിവിധ വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ജില്ലാ പോലീസ് സൂപ്രണ്ട് എൻ.പി.സിംഗ് അറിയിച്ചു.
കൊലപാതകത്തിനുപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രണയബന്ധത്തിന്റെ പേരിൽ കുടുംബത്തിന്റെ പേരു കളങ്കപ്പെടുത്തിയതിനാണ് മകളെ താൻ കൊന്നതെന്ന് ചോദ്യം ചെയ്യലിനിടയിൽ പിതാവ് സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
പെൺകുട്ടിക്ക് പ്രദേശത്തുതന്നെയുള്ള ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതു കുടുംബക്കാർക്ക് താത്പര്യമില്ലാതിരുന്നതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം. ഞായറാഴ്ച വൈകുന്നേരം പെണ്‍കുട്ടി ഫോണിൽ സംസാരിക്കുന്നതു പിതാവു കണ്ടെന്നും ഇതേത്തുടർന്ന് കൊലപാതകം നടത്തിയെന്നുമാണ് പോലീസ് കണ്ടെത്തൽ. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.